ചെന്നൈ- സൂര്യ സംവിധായകൻ ശിവയുമായി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ബിഗ് ബ്ജറ്റ് പീരിയോഡിക് ഡ്രാമയാണ് അണിയറയിലൊരുങ്ങുന്നത് എന്ന സൂചനയാണ് മോഷൻ പോസ്റ്റർ നൽകുന്നത്. ഒരു പഴയകാല പോരാളിയുടെ വേഷത്തിലാണ് തന്റെ 42ാം ചിത്രത്തിന്റെ ആനിമേറ്റഡ് പോസ്റ്ററിൽ സൂര്യ അവതരിപ്പിക്കുന്ന കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. സൂററൈ പോട്ര്, ജയ് ഭീം അടക്കം മികച്ച ചിത്രങ്ങൾ തന്റെ ആരാധകർക്ക് സമ്മാനിച്ചെങ്കിലും, ഇത് വരെ ഒരു തിയേറ്റർ വിജയചിത്രം നേടാൻ താരത്തിന് കഴിഞ്ഞിട്ടില്ല. അതിന് ഒരു മാറ്റം പേരിടാത്ത പുതിയ ചിത്രത്തിലൂടെ ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. രജനീകാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്ത അണ്ണാത്തെയ്ക്കും മോശം തിയേറ്റർ പ്രതികരണമാണ് ലഭിച്ചത്. 3ഉ ഫോർമാറ്റിൽ ബിഗ് ബജറ്റിൽ ഒരുക്കുന്ന ചിത്രം 10 ഭാഷകളിൽ റിലീസ് ചെയ്യുമെന്നാണ് സംവിധായകൻ അറിയിച്ചിരിക്കുന്നത്.യു. വി ക്രിയേഷൻസ് നിർമിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. ബോളിവുഡ് താരം ദിഷ പട്ടാണിയാണ് നായിക . യോഗി ബാബു, റെഡിൻ കിംഗ്സ്ലി, കോവൈ സരള എന്നീ താരങ്ങൾ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചെന്നൈയിൽ പൂർത്തികരിച്ചിരുന്നു. മെഗാ ആക്ഷൻ രംഗങ്ങളടക്കമുള്ള രണ്ടാം ഷെഡ്യൂൾ ഈ മാസം 13ന് ഗോവയിൽ ചിത്രീകരണമാരംഭിക്കും