ന്യൂദല്‍ഹി- അലോപ്പതി ചികിത്സയുടെയും കോവിഡ് 19 വാക്സിനുകളുടെയും ഫലപ്രാപ്തിയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരായ കേസില്‍ വിവാദ യോഗ ഗുരു ബാബാ രാംദേവിന് ദല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു.
രാംദേവിന്റെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച കേസ് സുപ്രീം കോടതി പരിഗണിക്കുന്നതിനാല്‍ വാദം കേള്ക്കാനിവില്ലെന്ന ഹൈക്കോടതിയുടെ ഉത്തരവില്‍ വ്യക്തത തേടി ഡോക്ടേഴ്സ് അസോസിയേഷന് നല്കിയ ഹരജിയിലാണ് രാംദേവിന് നോട്ടീസ്. ബാബ രാംദേവ് ഉള്‍പ്പെടെയുള്ള പ്രതികളോട് അടുത്ത വാദം കേള്‍ക്കുന്ന ഒക്ടോബര്‍ ആറിനകം മറുപടി നല്കാന് ജസ്റ്റിസ് അനുപ് ജയറാം ഭംഭാനി ആവശ്യപ്പെട്ടു.
കോവിഡ് 19 മരണങ്ങള്‍ക്ക് കാരണം അലോപ്പതിയാണെന്ന് പറഞ്ഞ് ബാബ രാംദേവ്, കൊറോണില്‍ എന്ന പതഞ്ജലി മരുന്ന് കോവിഡ് ഭേദമാക്കുമെന്നും അവകാശപ്പെട്ടിരുന്നു. ഇത്തരം വിവരങ്ങള്‍ പ്രചരിപ്പിച്ച് രാംദേവ് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് ആരോപണം.