ലണ്ടന്‍- എലിസബത്ത് രാജ്ഞിയുടെ മൂത്ത മകന്‍ പ്രിന്‍സ് ചാള്‍സ് പുതിയ ബ്രട്ടീഷ് രാജാവായതോടെ പ്രശസ്തമായ കോഹിനൂര്‍ കിരീടം ഇനി കാമില രാജ്ഞിക്ക് സ്വന്തം.
തന്റെ കാലശേഷം ചാള്‍സ് രാജാവാകുന്നതോടെ കാമില രാജ്ഞിയാകുമെന്നം അമ്മ രാജ്ഞിയുടെ കോഹിനൂര്‍ കിരീടം അവര്‍ക്ക് ലഭിക്കുമെന്നും എലിസബത്ത് രാജ്ഞി ഈ വര്‍ഷാദ്യം വ്യക്തമാക്കിയിരുന്നു.
പുതിയ രാജാവകുന്ന ചാള്‍സിന് എലിസബത്ത് രാജ്ഞിയുടെ സിംഹാസനം മാത്രമല്ല, അവരുടെ സ്വകാര്യ സമ്പത്തും ലഭിക്കും. പിന്തുടര്‍ച്ചാവകാശ നികുതിയൊന്നും നല്‍കാതെയാണ് അമ്മ രാജ്ഞിയുടെ സമ്പത്ത് ചാള്‍സ് രാജാവിലേക്ക് വന്നുചേരുകയെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ചാള്‍സ് മൂന്നാമന്‍ എന്ന പേരാണ് പുതിയ രാജാവ് സ്വീകരിക്കുകയെന്ന് കൊട്ടാരവൃത്തങ്ങള്‍ അറിയിച്ചു. ബ്രിട്ടന്റെ സിംഹാസനത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ ആളാണ് 73 കാരനായ ചാള്‍സ്.
1953 ല്‍ അവരോധിക്കപ്പെട്ട എലിസബത്ത് രാജ്ഞി, തന്റെ മുതുമുത്തശ്ശി വിക്ടോറിയ രാജ്ഞിയെ മറികടന്നു ബ്രിട്ടനില്‍ ഏറ്റവുമധികം കാലം സിംഹാസനത്തിലിരുന്ന വ്യക്തിയെന്ന നേട്ടവുമായാണ് വിടപറഞ്ഞത്. 70 വര്‍ഷവും 214 ദിവസവുമാണ് എലിസബത്ത് അധികാരത്തിലിരുന്നത്.
105.6 കാരറ്റ് വജ്രമാണ് കോഹിനൂര്‍. പതിനാലാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ കണ്ടെത്തിയ വജ്രം നൂറ്റാണ്ടുകളായി പലരിലേക്കും കൈമാറി. 1849ല്‍ ബ്രിട്ടീഷുകാര്‍ പഞ്ചാബ് പിടിച്ചടക്കിയതിനുശേഷം, വജ്രം വിക്ടോറിയ രാജ്ഞിക്ക് വിട്ടുകൊടുത്തു. അന്നുമുതല്‍ ഇത് ബ്രിട്ടീഷ് കിരീടത്തിന്റെ ഭാഗമാണെങ്കിലും ഇന്ത്യയുള്‍പ്പെടെ കുറഞ്ഞത് നാല് രാജ്യങ്ങളെങ്കിലും ഉടമസ്ഥാവകാശ തര്‍ക്കത്തിലുണ്ട്.