വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍...
(ഷൊര്‍ണുര്‍ ആര്യങ്കാവിനടുത്തായിരുന്നു ലൊക്കേഷന്‍. എംടി യുടെ തിരക്കഥ, അകാലത്തില്‍ അന്തരിച്ച ആസാദ് സാക്ഷാല്‍ക്കാരം നിര്‍വഹിച്ച, മലയാളത്തിലെ ആദ്യ പ്രവാസി സബ്‌ജെക്ടിന്റെ ഗംഭീര കഥാവിഷ്‌കാരം.... ).
പൂരം കൊടിയിറങ്ങിയ ആര്യങ്കാവ് അമ്പലത്തിലെ ആല്‍ത്തറയിലിരുന്ന് , ബീഡിക്ക് തീ കൊളുത്താന്‍ വെമ്പുന്ന മാധവന്‍കുട്ടി എന്ന കഥാപാത്രം. മാധവന്‍ കുട്ടിയായി വേഷമിട്ടത് പുതുമുഖം മുഹമ്മദ് കുട്ടി. നായകന്‍ സുകുമാരന്‍. ഒന്നോ രണ്ടോ ഡയലോഗ്, പിന്നെ ഒരു അടിപിടി. മിനിട്ടുകള്‍ മാത്രം മിന്നിപ്പൊലിഞ്ഞ രംഗത്തില്‍ മഞ്ചേരി ബാറിലെ മുഹമ്മദ് കുട്ടി വക്കീലിന്റെ അഭിനയത്തെ കുറിച്ച്, പ്രമുഖ ചലച്ചിത്ര നിരൂപകന്‍ കോഴിക്കോടന്‍ അന്ന് മാതൃഭൂമിയില്‍ എഴുതി: മാധവന്‍ കുട്ടിയായി രംഗത്ത് വന്ന ചെറുപ്പക്കാരന്‍ മലയാള സിനിമയുടെ വാഗ്ദാനമാണ്...ആ ചെറിയ രംഗം പോലും അയാള്‍ ഉജ്വലമാക്കി.
ഉവ്വ്, വളരെ ചെറിയ റോള്‍ ആയിരുന്നിട്ട് പോലും ആ നടനസിദ്ധി തിരിച്ചറിഞ്ഞ 'കോഴിക്കോടന്റെ' നാക്ക് പൊന്നായി.... ഇന്ത്യന്‍ സിനിമക്ക് കേരളം സംഭാവന നല്‍കിയ അതുല്യനായ അഭിനയ പ്രതിഭയായി നമ്മുടെ സ്വന്തം മമ്മുക്ക വളര്‍ന്നു. അന്യൂനമായ അഭിനയസിദ്ധി.
മമ്മൂട്ടി പിന്നീട് എഴുതി : എന്റെ ആദ്യത്തെ കഥാപാത്രത്തിന്റെ പേര് മാധവന്‍ കുട്ടി എന്നാണ്. അതിനു ശേഷം നിരവധി മാധവന്‍കുട്ടിമാരെ അവതരിപ്പിക്കുകയും അവയൊക്കെ ഹിറ്റ് ആവുകയും ചെയ്തു. അഭിനയത്തെ കുറിച്ച് ഒന്നുമറിയാത്ത, ഇന്‍ഹിബിഷനുകള്‍ ഒന്നുമില്ലാത്ത ആക്ടര്‍ ആയാണ് 'വില്‍ക്കാനുണ്ട് സ്വപ്‌നങ്ങളി' ല്‍ ഞാന്‍ അഭിനയിച്ചത്. അത് കൊണ്ട് കഥാപാത്രത്തിനുമേല്‍ എന്നിലെ നടനെ അടിച്ചേല്‍പ്പിച്ചിട്ടില്ല. 'മേള' എന്ന സിനിമയില്‍ എത്തിയപ്പോള്‍ ഒരു പോളിഷ്ഡ് ആക്ടര്‍ ആയി. യവനിക ആയപ്പോള്‍, ഞാന്‍ എന്നിലെ നടനെ റി ഇന്‍വെന്റ് ചെയ്തു എന്ന് പറയാം.
ആദ്യമായി നായകവേഷം തന്ന യവനിക. കയ്യില്‍ നിന്ന് ഇടുക എന്ന് പറയാവുന്ന അവസ്ഥയിലേക്ക്, യഥാര്‍ത്ഥ നായക പദവിയിലേക്ക് മാറുകയായിരുന്നു.
അതോടെ സിനിമ തന്നെ ജീവിതം എന്ന് മമ്മൂട്ടി തിരിച്ചറിഞ്ഞു. ലോകസിനിമയില്‍ തന്നെ അപൂര്‍വം, ഇത്രയും സമര്‍പ്പിത മനസ്‌കനായ ഒരു അഭിനേതാവ്. നിരന്തരമായ പരിശ്രമങ്ങളുടെ പൂര്‍ണത അതാണ് മമ്മൂട്ടി.
ചമയങ്ങളില്ലാതെ എന്ന തന്റെ ആത്മകഥയില്‍ മമ്മൂട്ടി എഴുതി : ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ പുള്ളി പുള്ളിയായി വെയില്‍ വീഴുന്ന ചെമ്പ് ഗ്രാമത്തിലെ എന്റെ വീട്ടു മുറ്റത്ത് നിന്ന് ഞാന്‍ നടന്നെത്തിയ ദൂരമത്രയും അലച്ചിലിന്റെയും കഷ്ടപ്പാടിന്റെയും ഊടുവഴികള്‍ ആയിരുന്നു....
മലയാളത്തിന്റെ മഹാനടന്‍, പ്രിയപ്പെട്ട മമ്മുക്കയ്ക്കു നന്മയുടെ, സ്‌നേഹത്തിന്റെ, ആയുരാരോഗ്യ സമ്പല്‍ സമൃദ്ധിയുടെ പിറന്നാള്‍ ആശംസകള്‍?