കൊച്ചി- മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. കൂടെ പിറന്നിട്ടില്ല എങ്കിലും മമ്മൂട്ടി തനിക്ക് വല്ല്യേട്ടനാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.രക്തബന്ധത്തേക്കാള്‍ വലുതാണ് ചിലപ്പോള്‍ കര്‍മ ബന്ധം. അത്യാവശ്യ സമയത്തെ കരുതല്‍ കൊണ്ടും അറിവുകൊണ്ടും ജീവിതം മാതൃകയാക്കി കൊണ്ടുമൊക്കെ ഒരാള്‍ക്ക് മറ്റൊരാളുമായി ദൃഢമായ കര്‍മ ബന്ധം ഉണ്ടാക്കാം. കൂടെ പിറന്നിട്ടില്ല എന്നേയുള്ളൂ പക്ഷേ മമ്മൂട്ടിക്ക, ഇച്ചാക്ക എനിക്ക് വല്ല്യേട്ടനാകുന്നത് ജ്യേഷ്ഠനാകുന്നത് അങ്ങനെയാണ്. എനിക്ക് ജ്യേഷ്ഠനെ പോലെ അല്ല ജ്യേഷ്ഠന്‍ തന്നെയാണ് അദ്ദേഹം. ഒരേകാലത്ത് സിനിമയിലെത്തിയെങ്കിലും പ്രായം കൊണ്ടും സ്‌നേഹം കൊണ്ടും ജ്യേഷ്ഠന്‍.വ്യക്തിജീവിതത്തിലും അഭിനയ ജീവിതത്തിലും പ്രചോദിപ്പിച്ച ഒരാള്‍.ശരീരം കൊണ്ടും ശബ്ദം കൊണ്ടും അഭിനയം കൊണ്ടുമൊക്കെ ഇച്ചാക്കയുടെ യുവത്വം നിത്യഹരിതമായി നാലഞ്ച് തലമുറകളുടെ വല്ല്യേട്ടനായി ഇങ്ങനെ നിലനില്‍ക്കുക എന്നത് നിസാര കാര്യമല്ല. ജന്മനാളില്‍ എന്റെ ഇച്ചാക്കയ്ക്ക് എല്ലാവിധ ആയുരാരോഗ്യസൗഖ്യങ്ങളും ആശംസിക്കുന്നു. ഒപ്പം ഇനിയും ഇനിയും മികച്ച കഥാപാത്രങ്ങള്‍ ജീവന്‍ നല്‍കാനുള്ള സൗഭാഗ്യം അദ്ദേഹത്തിനുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു,- മോഹന്‍ലാല്‍ പറഞ്ഞു.