ഹൈദരാബാദ്- ഇന്ത്യന്‍ പരസ്യചിത്ര മാര്‍ക്കറ്റ് അടക്കി വാണിരുന്ന ബോളിവുഡിന്റെ ആധിപത്യം പഴങ്കഥയാകുന്നു. ബോക്‌സോഫീസിലെ ബോളിവുഡിന്റെ അപ്രമാദിത്യം അവസാനിച്ചതൊടെയാണ് പരസ്യമാര്‍ക്കറ്റും തെലുങ്ക് താരങ്ങളുടെ പിന്നാലെ പോകുന്നത്. അല്ലു അര്‍ജുന്‍,മഹേഷ് ബാബു, രശ്മിക മന്ദാന, സാമന്ത, പ്രഭാസ് തുടങ്ങിയ ദക്ഷിണേന്ത്യന്‍ താര നിരയ്ക്ക് പിന്നാലെയാണ് പരസ്യരംഗം.
കൊക്കോ കോള, കിംഗ് ഫിഷര്‍,റെഡ് ബസ് തുടങ്ങി എല്ലാ മുന്‍നിര ബ്രാന്‍ഡുകളിലും തെലുങ്ക് താരങ്ങളുടെ മുഖമാണ്. തെലുങ്കിന് പുറമെ ഹിന്ദി വിപണിയിലും തെലുങ്ക് ചിത്രങ്ങള്‍ ഹിറ്റായി തുടങ്ങിയതോടെയാണ് പുതിയ മാറ്റം.കൊക്കോ കോളയുടെ അടുത്ത പരസ്യ ചിത്രത്തില്‍ അല്ലു അര്‍ജുനാകും എത്തുക. ഹിന്ദി പരസ്യത്തിലും താരം തന്നെയാകും എത്തുകയെന്നാണ് റിപ്പോര്‍ട്ട്.സമാനമായി മറ്റ് ബ്രാന്‍ഡുകളും നിലവിലെ ബ്രാന്‍ഡ് വാല്യു കണക്കിലെടുത്ത് തെന്നിന്ത്യന്‍ താരങ്ങളുടെ പിറകെയാണ്. നിരന്തരമായി സിനിമകള്‍ പരാജയപ്പെടുന്നതിന് പുറമെ സിനിമയുടെ ഗ്ലാമറും ബോളിവുഡില്‍ നിന്ന് ടോളിവുഡിലേക്ക് മാറുന്ന കാഴ്ചയാണ് ഷോ ബിസില്‍ കാണാനാകുന്നത്.