കുട്ടികളെ പീഡിപ്പിച്ചാൽ വധശിക്ഷ ലഭിക്കാവുന്ന ഓർഡിനൻസിലെ പ്രായപരിധിക്കെതിരെ മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസൻ രംഗത്ത്.
പന്ത്രണ്ടു വയസിൽ താഴെയുള്ള പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാൽ പ്രതികൾക്കു വധശിക്ഷ ശിക്ഷയും 12നും 16നുമിടയിലുള്ളവരെ ബലാത്സംഗം ചെയ്യുന്നവർക്ക് പരാവധി ജീവപര്യന്തവും നൽകാനുള്ള തീരുമാനത്തിനെതിരെയാണ് കമൽ വിമർശനം ഉന്നയിച്ചത്.
12 മുതൽ 16 വയസ് വരെയുള്ളവരും കുട്ടികൾ തന്നെയല്ലേ. 12 വയസുള്ളവരെ പോലെ തന്നെയാണ് ഈ പ്രായത്തിലുള്ള കുട്ടികളും. എന്ത് കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്ന് തനിക്കറിയില്ലെന്നും കമൽ പറഞ്ഞു. ആൺകുട്ടികളെ വളർത്തുമ്പോഴും ചില ഉത്തരവാദിത്വങ്ങൾ നിർബന്ധമായും പഠിപ്പിക്കണം. മാതാപിതാക്കൾ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ കാണിക്കണമെന്നും ഉലക നായകൻ അഭ്യർഥിച്ചു.