ചെന്നൈ- പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ ഏർപ്പെടുത്തിയുള്ള ഓർഡിനൻസിൽ രാഷ്ട്രപതി ഒപ്പിട്ട് ഇരുപത്തിനാല് മണിക്കൂർ പിന്നിടും മുമ്പേ രാജ്യത്ത് വീണ്ടും പീഡനം. കേസിലെ പ്രതി ആരാണെന്നറിഞ്ഞാൽ ഒന്നുകൂടി ഞെട്ടും. മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകനും ബി.ജെ.പി ടിക്കറ്റിൽ നിയമസഭയിലേക്ക് മത്സരിച്ചയാളുമാണ് കേസിലെ പ്രതി. 2006-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ആർ.കെ നഗറിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ച കെ.പി പ്രേം ആനന്ദാണ് കേസിലെ പ്രതി. തിരുവനന്തപുരത്ത്‌നിന്ന് ചെന്നൈയിലേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്ത ഒൻപതുവയസുകാരിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. റിസർവേഷൻ ടിക്കറ്റില്ലാതെ സാധാരണ ടിക്കറ്റെടുത്താണ് ഇയാൾ ട്രെയിനിൽ കയറിയിരുന്നത്. പെൺകുട്ടി മധ്യത്തിലുള്ള ബെർത്തിലും കുട്ടിയുടെ അച്ഛൻ മുകളിലെ ബെർത്തിലും അമ്മയും സഹോദരനും താഴെയുള്ള ബെർത്തിലുമായിരുന്നു. കിടക്കുകയായിരുന്ന പെൺകുട്ടിയുടെ അടുത്തെത്തിയ പ്രതി പെൺകുട്ടിയെ ചുംബിക്കുകയും നെഞ്ചിൽ പിടിക്കുകയും ചെയ്തു. കരയാൻ ശ്രമിച്ച പെൺകുട്ടിയുടെ വായ ഇയാൾ പൊത്തിപ്പിടിച്ചു. ഇയാളെ തള്ളിമാറ്റിയ പെൺകുട്ടി അലറി വിളിച്ചതോടെ അമ്മയും അച്ഛനും ഉണരുകയും ചെയ്തു. കോയമ്പത്തൂരിനും ഈറോഡിനും ഇടയിലാണ് സംഭവമുണ്ടായത്. പെൺകുട്ടിയുടെ കുടുംബം ഉടൻ ടി.ടി.ഇക്ക് പരാതി നൽകുകയും ഇയാളെ പോലീസിന് കൈമാറുകയും ചെയ്തു.
അതേസമയം, സംഭവം നിസാരവത്കരിക്കാനാണ് ഈറോഡ് പോലീസ് ശ്രമിക്കുന്നതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. പ്രതി പെൺകുട്ടിയെ തൊടുക മാത്രമാണ് ചെയ്തത് എന്നാണ് പോലീസിന്റെ വാദം. ഇയാൾ സജീവമായി അഭിഭാഷക വൃത്തി നടത്തുന്നയാളല്ലെന്നും ടെക്‌സ്റ്റൈൽ ബിസിനസാണെന്നുമാണ് ബാർ കൗൺസിൽ അധികൃതർ പറയുന്നത്.