ലണ്ടന്‍- മുന്‍ വിശ്വസുന്ദരിയും ബോളിവുഡ് താരവുമായ സുസ്മിത സെന്നിനൊപ്പമുള്ള ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ചിത്രം നീക്കി ഐ.പി.എല്‍ സ്ഥാപകന്‍ ലളിത് മോഡി. ഇന്‍സ്റ്റ ബയോയില്‍ ഉണ്ടായിരുന്ന സുസ്മിതയെക്കുറിച്ചുള്ള പരാമര്‍ശവും ലളിത് മോഡി നീക്കി. ഇതോടെ ഇരുവരും തമ്മിലുള്ള പ്രണയബന്ധത്തെക്കുറിച്ചു സമൂഹമാധ്യങ്ങളില്‍ ചര്‍ച്ചകള്‍ സജീവമായി.
ജൂലൈയില്‍ മാലദ്വീപിലേക്കുള്ള വിനോദയാത്രയുടെയും സുസ്മിതക്കൊപ്പം സന്തോഷ നിമിഷങ്ങള്‍ പങ്കിടുന്നതിന്റെയും ചിത്രങ്ങള്‍ പങ്കുവച്ചാണ് ഇന്ത്യ വിട്ട ഐ.പി.എല്‍ സ്ഥാപകന്‍ ലളിത് മോഡി, സുസ്മിത സെന്നും താനും പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്. സുസ്മിതയ്‌ക്കൊപ്പമുള്ള പഴയകാലചിത്രങ്ങളും ഒപ്പം നല്‍കിയിരുന്നു.
പുതിയ തുടക്കം, പുതിയ ജീവിതം' എന്നു പറഞ്ഞായിരുന്നു പ്രണയ പോസ്റ്റ്. വിവാഹം കഴിഞ്ഞിട്ടില്ലെന്നും അതും ഉടന്‍ നടക്കുമെന്നു പ്രതീക്ഷിക്കുന്നെന്നും ഇന്‍സ്റ്റഗ്രമിലെ തുടര്‍പോസ്റ്റില്‍ വിശദീകരിക്കുകയും ചെയ്തു. മാത്രമല്ല, സുസ്മിതയ്‌ക്കൊപ്പമുള്ള ഫോട്ടോ പ്രൊഫൈല്‍ ചിത്രമാക്കുകയും ബയോയില്‍ താരത്തിന്റെ പേര് ഉള്‍പ്പെടുത്തുകയും ചെയ്തു.
എന്നാല്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ ഇതില്‍ മാറ്റം വന്നു. സുസ്മിതക്കൊപ്പമുള്ള ചിത്രത്തിനു പകരം ദേശീയപതാകയുടെ പശ്ചാത്തലത്തിലുള്ള സോളോ ചിത്രം പ്രൊഫൈല്‍ ഫോട്ടോ ആക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഇരുവരും പ്രണയബന്ധം അവാനിപ്പിച്ചെന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. എന്നാല്‍ അഭ്യൂഹങ്ങളോട് ലളിത് മോഡിയോ സുസ്മിത സെന്നോ ഇതുവരെ പ്രതികരിച്ചിട്ടില്ല.