ന്യൂദല്‍ഹി- ബി.ജെ.പി ഭരണത്തില്‍ ഭരണഘടനക്കും ദളിതുകള്‍ക്കുമെതിരെ തുടരുന്ന ആക്രമണങ്ങള്‍ തുറന്നുകാട്ടി കോണ്‍ഗ്രസിന്റെ ദേശവ്യാപക കാമ്പയിന്‍ ഇന്ന് ആരംഭിക്കുന്നു.
സേവ് കോണ്‍സ്റ്റിറ്റിയൂഷന്‍ കാമ്പയിന്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജനങ്ങളിലേക്കിറങ്ങുകയെന്ന ലക്ഷ്യത്തോടെയാണ് രാജ്യവ്യാപകമായി പ്രചാരണ പരിപാടികള്‍ ആരംഭിക്കുന്നത്.
ദളിതുകളാണ് പ്രചാരണ പരിപാടികളുടെ മുഖ്യഉന്നം. ഉദ്ഘാടന പരിപാടിയില്‍ ദളിതുകളായ സംഘടനാ ഭാരവാഹികള്‍ക്കും ജനപ്രതിനിധികള്‍ക്കും മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രചാരണ പരിപാടികള്‍ നടത്തും.
ബി.ജെ.പിയുടെ ഭരണത്തില്‍ ഭരണഘടന വെല്ലുവിളി നേരിടുകയാണ്. ദളിതുകള്‍ക്ക് നല്‍കിവരുന്ന വിദ്യാഭ്യാസ, തൊഴില്‍ സംവരണം ഭീഷണിയിലാണ്- ഇത്തരം കാര്യങ്ങളാണ് കാമ്പയിനില്‍ ഉയര്‍ത്തിക്കാണിക്കകയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ വോട്ടര്‍മാരില്‍ 17 ശതമാനം ദളിതുകളാണ്. പട്ടികജാതിക്കാര്‍ക്ക് വേണ്ടി 84 പാര്‍ലമെന്റ് സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. 2014 ലെ തെരഞ്ഞെടുപ്പില്‍ ഈ സീറ്റുകളില്‍ പകുതിയും ബി.ജെ.പിയാണ് കയ്യടക്കിയത്.