കൊളംബോ- നാടുവിട്ട മുന്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സ ശ്രീലങ്കയില്‍ തിരിച്ചെത്തി. ജനരോഷം കടുത്തതിനെത്തുടര്‍ന്ന് ജൂലൈ 13നായിരുന്നു ഗോതബയ നാടുവിട്ടത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ഗോതബയ കൊളംബോയിലെ വിമാനത്താവളത്തിലെത്തിയത്. അദ്ദേഹത്തെ സ്വീകരിക്കുന്നതിനായി പാര്‍ട്ടിയില്‍ നിന്നുള്ള മന്ത്രിമാരും എംപിമാരും വിമാനത്താവളത്തിലെത്തിയിരുന്നു.
മുന്‍ പ്രസിഡന്റ് എന്ന നിലയില്‍ കൊളംബോയില്‍ സര്‍ക്കാര്‍ അനുവദിച്ച വസതിയിലാണ് ഗോതബയ താമസിക്കുന്നത്. കനത്ത പോലീസ് കാവലിലായിരുന്നു അദ്ദേഹത്തെ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുപോയത്. രാജ്യംവിട്ടതിന് പിന്നാലെ മാലിദ്വീപ്, സിംഗപ്പൂര്‍, തായ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ സന്ദര്‍ശക വിസയില്‍ കഴിയുകയായിരുന്നു അദ്ദേഹം. നിലവില്‍ അദ്ദേഹത്തിനെതിരെ ശ്രീലങ്കയില്‍ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.അറസ്റ്റ് ചെയ്യപ്പെടാനുള്ള സാദ്ധ്യത മുന്നില്‍ക്കണ്ടാണ് ഔദ്യോഗികമായി രാജി വയ്ക്കുന്നതിന് മുന്നേ ഗോതബയ രാജ്യം വിട്ടത്. പ്രസിഡന്റിന്റെ വസതിയിലേക്ക് പതിനായിരക്കണക്കിന് പ്രക്ഷോഭകാരികള്‍ ഇരച്ചുകയറുന്നതിന് മുന്നേ ഗോതബയയെ സൈന്യം രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇവിടെനിന്നാണ് മാലിദ്വീപിലേയ്ക്ക് കടന്നത്. അവിടെനിന്ന് സിംഗപ്പൂരിലേയ്ക്കും പിന്നാലെ തായ്‌ലാന്‍ഡിലും എത്തി.