ജയ്പൂര്‍ -രാജസ്ഥാനില്‍ പോലീസ് ഡെപ്യൂട്ടി കമ്മീഷണറോട് കൈക്കൂലി ചോദിച്ച കോണ്‍സ്റ്റബിളിന് സസ്‌പെന്‍ഷന്‍. മൂന്ന് പോലീസുകാര്‍ക്കെതിരെ അന്വേഷണവും ആരംഭിച്ചു. യൂണിഫോം ധരിക്കാതെ കാറിലെത്തിയത് മേലുദ്യോഗസ്ഥനായ ഡി.സി.പിയാണെന്ന് അറിയാതെയാണ് പോലീസുകാരന്‍ കൈക്കൂലി ചോദിച്ചത്. ജയ്പൂര്‍ നഗരത്തിലെ പ്രധാന ട്രാഫിക് സിഗ്‌നലിലാണ് സംഭവം.
കാര്‍ െ്രെഡവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെന്ന് ആരോപിച്ചാണ് കോണ്‍സ്റ്റബിള്‍ ആദ്യം പിഴയും പിന്നീട് 500 രൂപ കൈക്കൂലിയും ആവശ്യപ്പെട്ടത്.
ജയ്പൂര്‍ നോര്‍ത്ത് ഡി.സി.പി പരിസ് ദേശ്മുഖും സംഘവും നൈറ്റ് പട്രോളിങ് നടത്തുന്നതിനിടെയാണ് സംഭവം. ഔദ്യോഗിക വാഹനം ഒഴിവാക്കി തന്റെ ഗണ്‍മാനും െ്രെഡവര്‍ക്കും ഒപ്പമാണ് ഡി.സി.പി യാത്ര ചെയ്തത്.
ട്രാന്‍സ്‌പോര്‍ട്ട് നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ റോട്ടറി സര്‍ക്കിളില്‍ എത്തിയപ്പോഴാണ് പോലീസുകാര്‍ ഡി.സി.പിയുടെ വാഹനം തടഞ്ഞത്. പിഴയടയ്ക്കനാണ് രാജേന്ദ്ര പ്രസാദ് എന്ന പോലീസുകാരന്‍ ആദ്യം ആവശ്യപ്പെട്ടത്. പിഴ ഒഴിവാക്കണമെങ്കില്‍ 500 രൂപ നല്‍കിയാല്‍ മതിയെന്നും പറഞ്ഞു.
ഇക്കാര്യം ഡി.സി.പി മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.