റായ്ബറേലി- ഹിന്ദുക്കളെ അപമാനിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ. കോണ്‍ഗ്രസ് തട്ടകമായ റായ്ബറേലിയിലാണ് ഹിന്ദു വികാരം ഉണര്ത്തിക്കൊണ്ടുള്ള അമിത്ഷായുടെ പ്രസംഗം.
മക്ക മസ്ജിദ് സ്ഫോടനക്കേസില്‍ സ്വാമി അസീമാനന്ദിനെ കോടതി വെറുതെ വിട്ട സംഭവത്തില്‍ പ്രതികരിച്ച രാഹുല്‍ ഗാന്ധി ഹിന്ദുക്കളെ അപമാനിച്ചുവെന്നാണ് അമിത് ഷായുടെ ആരോപണം.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പോടെ റായ്ബറേലിയെ കുടുംബ രാഷ്ട്രീയത്തില്‍നിന്ന് മുക്തമാക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചു. ഗാന്ധി കുടുംബാംഗങ്ങള്‍ കാലങ്ങളായി മത്സരിച്ച് ജയിക്കുന്ന മണ്ഡലമാണ് റായ്ബറേലി.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍നിന്ന് യു.പിയിലെത്തിയ അമിത് ഷായും മുഖ്യമന്ത്രി ആദിത്യനാഥും പങ്കെടുത്ത വന്‍ റാലിയാണ് റായ്ബറേലിയില്‍ സംഘടിപ്പിച്ചത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് മഹേന്ദ്രനാഥ് പാണ്ഡേയും സംസ്ഥാന മന്ത്രിമാരും റാലിയില്‍ സംബന്ധിച്ചു.
ജസ്റ്റിസ് ലോയ കേസില്‍ കോണ്‍ഗ്രസ് അനാവശ്യമായി ജുഡീഷ്യറിയ വലിച്ചിഴക്കുകയാണെന്ന് ആദിത്യനാഥ് ആരോപിച്ചു. രാഷ്ട്രീയ നേട്ടത്തിനാണ് കോണ്‍ഗ്രസ് ഇതു ചെയ്യുന്നതെന്നും രാജ്യവ്യാപകമായി ബി.ജെ.പിക്കെതിരെ നുണ പ്രചരിപ്പിക്കുന്ന രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റായ്ബറേലിയിലും അമേത്തിയിലും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സന്ദര്‍ശനം നടത്താനിരിക്കെയാണ് ബി.ജെ.പി തിരക്കിട്ട് റാലി സംഘടിപ്പിച്ചത്.
കോണ്‍ഗ്രസ് പ്രാദേശിക നേതാവും എം.എല്‍.സിയുമായ ദിനേശ് സിംഗും കുടുംബവും അമിത് ഷായുടെ സാന്നിധ്യത്തില്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.