Sorry, you need to enable JavaScript to visit this website.

ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ച  സ്വാസികയ്‌ക്കെതിരെ സൈബര്‍ ആക്രമണം 

കൊച്ചി- സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന 'ചതുരം' എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. സ്വാസിക, റോഷന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം സെപ്റ്റംബര്‍ 16 ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തിലെ ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചതിന്റെ പേരില്‍ സ്വാസികയ്‌ക്കെതിരെ സൈബര്‍ ആക്രമണം ശക്തമാണ്.
ചതുരത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്ത് വന്നപ്പോള്‍ മുതല്‍ ചിത്രത്തിനെതിരെയും നടി സ്വാസികയ്‌ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. റോഷനും സ്വാസികയും തമ്മിലുള്ള ഇന്റിമേറ്റ് സീനാണ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്. തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് സ്വാസിക. ആളുകളുടെ ആറ്റിറ്റിയൂഡ് മാറിയാല്‍ തന്നെ പ്രശ്‌നങ്ങളൊക്കെ അവസാനിക്കുമെന്നാണ് സ്വാസിക പറയുന്നത്. ആറ്റിറ്റിയൂഡില്‍ മാറ്റം വന്നാല്‍ കുറച്ചുകൂടി നല്ല ക്രിയേഷന്‍സ് സിനിമാ ഇന്‍ഡസ്ട്രിയില്‍ ഉണ്ടാകുമെന്നും സ്വാസിക പറഞ്ഞു.
ഇപ്പോള്‍ മുമ്പത്തേക്കാളും മേക്കിംഗ് സ്‌റ്റൈലും റൈറ്റിംഗ് സ്‌റ്റൈലുമെല്ലാം മാറി. അത് നമ്മള്‍ സ്വീകരിച്ചാല്‍ പിന്നെ ഈ വിവാദത്തിന്റെ ആവശ്യം വരില്ലെന്നും പ്രേക്ഷകരെ വിനോദിപ്പിക്കാന്‍ വേണ്ടി തന്നെയാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നും സ്വാസിക വ്യക്തമാക്കി. നമ്മള്‍ എത്രത്തോളം ആളുകളെ വളരാന്‍ അനുവദിക്കാതെ ഇരിക്കുന്നുവോ നമ്മുടെ ഇന്‍ഡസ്ട്രിയാണ് അത്രത്തോളം താഴേയ്ക്ക് പോകുന്നതെന്നും സ്വാസിക കൂട്ടിച്ചേര്‍ത്തു.
കുട്ടികള്‍ക്ക് ഉണ്ടാവുന്ന ഇമോഷന്‍സും വലിയവര്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുമൊക്കെയുള്ള വികാരങ്ങള്‍ വളരെ റിയലായി കാണിക്കാനാണ് മേക്കേഴ്‌സ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി ചില കണ്ടന്റുകള്‍ ഓപ്പണായി കാണിക്കേണ്ടി വരുമെന്നും സ്വാസിക വ്യക്തമാക്കി. പബ്ലിക്കായി ഉമ്മ വെയ്ക്കണമെങ്കില്‍ ഉമ്മ വെയ്ക്കാം, തെറി പറയണമെങ്കില്‍ തെറി പറയാം. അതൊക്കെ വ്യക്തിപരമായ കാര്യങ്ങളാണെന്നും സ്വാസിക വ്യക്തമാക്കി.
ഏറെ വിവാദങ്ങള്‍ക്ക് വഴി ഒരുക്കിയ 'ചതുര'ത്തില്‍ അലന്‍സിയര്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരാണ് മറ്റ് പ്രധാനതാരങ്ങള്‍. 2019ലെ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് വിനോയ് തോമസും സിദ്ധാര്‍ത്ഥ് ഭരതനും ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രം ഗ്രീന്‍വിച്ച് എന്റര്‍ടെയ്ന്‍മെന്റ്‌സും യെല്ലോ ബേര്‍ഡ് പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
 

Latest News