പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന നടി അമല പോളിന്റെ പരാതിയില്‍ മുന്‍ കാമുകനും ഗായകനുമായ ഭവ്‌നിന്ദര്‍ സിംഗ് അറസ്റ്റില്‍. തന്നെ വഞ്ചിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി വില്ലുപുരം ജില്ലാ ക്രൈംബ്രാഞ്ച് പോലീസിനാണ് അമല പരാതി നല്‍കിയത്. ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നും സാമ്പത്തികമായും മാനസികമായും ജീവിതത്തില്‍ ബുദ്ധിമുട്ട് ഉണ്ടായെന്നും നടി പരാതിയില്‍ പറയുന്നു.
2020 നവംബറില്‍ ഭവ്‌നിന്ദറിനെതിരെ നടി ചെന്നൈ ഹൈക്കോടതിയില്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തിരുന്നു. 2018-ല്‍ സ്വകാര്യമായി നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ വിവാഹം കഴിഞ്ഞെന്ന രീതിയില്‍ തെറ്റായി പ്രചരിപ്പിച്ചെന്നും മാനസിമായി പീഡിപ്പിച്ചെന്നുമായിരുന്നു ഇതില്‍ പറഞ്ഞത്. അതില്‍ ഭവ്‌നിന്ദറിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.
2018-ല്‍ അമലയും ഭവ്‌നിന്ദറും ചേര്‍ന്ന് പ്രൊഡക്ഷന്‍ കമ്പനി രൂപീകരിച്ചിരുന്നു. ഇതിനുശേഷം ഓറോവില്ലിനടുത്തുള്ള പെരിയമുതലിയാര്‍ ചാവടിയിലേക്ക് താമസം മാറിയെന്നും പോലീസ് പറഞ്ഞു. കുറച്ചുകാലങ്ങള്‍ക്കു ശേഷം ഇവര്‍ പിരിയുകയും ചെയ്തു. ഈ നിര്‍മാണ കമ്പനിയുടെ ബാനറിലാണ് നടി തന്റെ ഏറ്റവും പുതിയ ചിത്രമായ 'കഡാവര്‍' നിര്‍മിച്ചത്.
അമല പോളിനെ വ്യാജരേഖ ചമച്ച് കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനത്തുനിന്നും നീക്കി ഭവ്‌നിന്ദര്‍ വഞ്ചിച്ചതായി പോലീസ് പറഞ്ഞു. ഇവരുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. നടി നല്‍കിയ പരാതിയെ തുടര്‍ന്ന് വില്ലുപുരം പോലീസ് വ്യാജരേഖ ചമയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍, ഉപദ്രവിക്കല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് മുന്‍കാമുകനെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്.