പട്ന മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ പാര്‍ട്ടി വിട്ടതായി പ്രഖ്യാപിച്ചു. എല്ലാ തരത്തിലുമുള്ള കക്ഷി രാഷ്ട്രീയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്നും ബിജെപിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചെന്നും അദ്ദേഹം അറിയിച്ചു. പതിവു പോലെ ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചാണ് സിന്‍ഹയുടെ രാജി പ്രഖ്യാപനം. ഈ വര്‍ഷത്തെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം മുടക്കിയത് കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രിത നീക്കമായിരുന്നെന്ന് അദ്ദേഹം ആരോപിച്ചു.
ജനാധിപത്യം ഇന്ന് അപകടാവസ്ഥയിലാണെന്നും പ്രതിസന്ധിയുണ്ടാകുമ്പോള്‍ താനൊരിക്കലും അടങ്ങിയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജുഡീഷ്യറിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടുവെന്നും തെരഞ്ഞെടുപ്പു കമ്മീഷന് ഇന്ന് സ്വതന്ത്ര്യമായല്ല പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമങ്ങള്‍ക്കെതിരെയും സിന്‍ഹ പ്രതികരിച്ചു. സര്‍ക്കാരിനെതിരായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ തന്നെ ഇല്ലാതാക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.