കൊച്ചി- നടി ഭാവന വീണ്ടും മലയാള സിനിമയില്‍. ഭാവനയും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. അജു വര്‍ഗീസ്, സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, ഷറഫുദ്ദീന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവന മലയാള സിനിമ രംഗത്തേക്ക് മടങ്ങിയെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നിന് ഉണ്ട്. ആദില്‍ മൈമുനാത്ത് അഷ്‌റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്ന് കൂടിയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെയും ലണ്ടന്‍ ടാക്കീസിന്റെയും ബാനറിലാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എത്താന്‍ ഒരുങ്ങുന്നത്. റെനീഷ് അബ്ദുല്‍ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൊടുങ്ങല്ലൂരില്‍ ഈ വര്‍ഷം ജൂണ്‍ മാസത്തിലാണ് പൂജ നടത്തിയത്, ഷൂട്ടിങ് പ്രധാനമായും നടത്തിയത് കൊടുങ്ങലൂരില്‍ തന്നെയാണ്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അരുണ്‍ റുഷ്ദിയാണ്. തിരക്കഥ ഒരുക്കിയിരിക്കുന്നത് വിവേക് ഭരതനാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ് കിരണ്‍ കേശവ്, പ്രശോഭ് വിജയന്‍ എന്നിവരാണ്.മലയാളത്തില്‍ നിന്ന് ഒരു നീണ്ട ബ്രേക്ക് എടുത്തെങ്കിലും കന്നഡ നിര്‍മാതാവ് നവീനുമായുള്ള വിവാഹ ശേഷം ഭാവന കന്നഡ ചിത്രങ്ങളില്‍ സജീവമായിരുന്നു. പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായ ആദം ജോണ്‍ എന്ന മലയാള ചിത്രത്തിലാണ് ഭാവന അവസാനം അഭിനയിച്ചത്. 2017ലാണ് ചിത്രം പുറത്തിറങ്ങിയത്. അതിന് ശേഷം ഭാവനയുടെ മലയാളത്തില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് പോള്‍ മാത്യൂസ്, നിഷാന്ത് എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികള്‍ ഒരുക്കുന്നത് വിനായക് ശശികുമാറാണ്.