ബെംഗളൂരു- ഈദ്ഗാഹ് മൈതാനിയില്‍ ഗണേശ വിഗ്രഹങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുന്നതിന് ചൊവ്വാഴ്ച (ഓഗസ്റ്റ് 30) വരെ കാത്തിരിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാന വഖഫ് ബോര്‍ഡ് സുപ്രീം കോടതിയെ സമീപിക്കുമെന്നതിനാലാണ് ബി.ജെ.പി സര്‍ക്കാര്‍ തീരുമാനം നീട്ടിവെച്ചത്.
ആഗസ്റ്റ് 31 മുതല്‍ കുറച്ചുദിവസത്തേക്ക് തര്‍ക്ക സ്ഥലമായ ഈദ്ഗാഹ് മൈതാനത്ത് മത സാംസ്‌കാരിക പരിപാടികള്‍ക്ക് അനുമതി നല്‍കി വെള്ളിയാഴ്ച ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് നടപ്പിലാക്കാന്‍ ഓഗസ്റ്റ് 30 വരെ കാത്തിരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി സംസ്ഥാന റവന്യൂ മന്ത്രി ആര്‍.അശോകന്‍ അറിയിച്ചു.
തിങ്കളാഴ്ച ചിലര്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സൂചനയുള്ളതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് 31 ന് ആരംഭിക്കുന്ന ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ മൂന്ന് മുതല്‍ 11 ദിവസം വരെ തുടരാന്‍ സാധ്യതയുണ്ട്.
ഓഗസ്റ്റില്‍ ഇത് രണ്ടാം തവണയാണ് ഈദ്ഗാഹ് മൈതാനം വിവാദ കേന്ദ്രമാകുന്നത്.
കര്‍ണാടകയിലെ വഖഫ് ബോര്‍ഡ് അവകാശം ഉന്നയിക്കുന്ന മൈതാനത്ത് ദേശീയ പതാക ഉയര്‍ത്താനുള്ള വലതുപക്ഷ സംഘടനകളുടെ ആവശ്യത്തെത്തുടര്‍ന്ന് മൈതാനം വിവാദമുണ്ടായിരുന്നു. മൈതാനം സിറ്റി കോര്‍പ്പറേഷന്റെതാണെന്നാണ് ഹിന്ദുത്വ സംഘടനകള്‍ അവകാശപ്പെടുന്നത്.
ഈദുല്‍ ഫിത്തര്‍, ബക്രീദ് പ്രാര്‍ത്ഥനകള്‍ക്ക് പുറമെ സ്വാതന്ത്ര്യദിനത്തിനും റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കും മൈതാനം ഉപയോഗിക്കാമെന്ന് സിംഗിള്‍ ജഡ്ജി ബെഞ്ച് വിധിച്ചതിനെ തുടര്‍ന്നാണ് ഒടുവില്‍ സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയത്.