മുംബൈ- ബോളിവുഡ് സിനിമ വ്യവസായത്തിലിപ്പോള്‍ സിനിമകളെല്ലാം ഫ്‌ളോപ്പാവുകയാണ്. ആമിര്‍ ഖാന്‍, അക്ഷയ കുമാര്‍ തുടങ്ങിയ നായകന്മാരുടെ പടങ്ങളുടെ ഷോകള്‍ റദ്ദ് ചെയ്തു വരികയാണ്. ഇതൊന്നും ബാധിക്കാത്ത താരമാണ് മസില്‍ മാന്‍ എന്ന വിളപ്പേരില്‍ അറിയപ്പെടുന്ന സല്ലു. സല്ലുവിന്റെ സമയത്തിന് വില കുറച്ച് കൂടുതലാണ്.
ഇന്ത്യയിലെ റിയാലിറ്റി ഷോകളുടെ രാജാവാണ് ബിഗ് ബോസ് എന്ന് പറയാം. കാരണം ഇന്ത്യയില്‍ ഏറ്റവുമധികം പ്രേക്ഷകരുള്ള ഷോ പതിനാറാം സീസണില്‍ എത്തി നില്‍ക്കുകയാണ്. ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും ബിഗ് ബോസിനെ വെല്ലാനാരുമില്ല. പരിപാടിയുടെ ഹിന്ദി പതിപ്പിന്റെ ജനപ്രീതി ഷോയുടെ നട്ടെല്ലായ ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ പ്രതിഫലത്തിലും പ്രതിഫലിച്ചിരിക്കുകയാണ്. താരം പതിനാറാം സീസണിനായി വാങ്ങുന്ന പ്രതിഫലം കേട്ട് അന്തംവിട്ടിരിക്കുകയാണ് സിനിമാ ടെലിവിഷന്‍ ലോകം.
ഒരു എപ്പിസോഡില്‍ പ്രത്യക്ഷപ്പെടുന്നതിന് 43.75 കോടിയാണ് താരം ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് മാസം നീളുന്ന പരിപാടിയില്‍ 24 തവണയാണ് താരം മത്സരാര്‍ത്ഥികള്‍ക്ക് മുന്നിലെത്തുന്നത്. അങ്ങനെ ആകെ ഒരു സീസണിനായി താരത്തിന് ലഭിക്കുന്ന പ്രതിഫലം 1050 കോടി രൂപയാണ്. തന്റെ തിരക്കേറിയ സിനിമാ ഷെഡ്യൂളിനിടയില്‍ സമയം കണ്ടെത്തുന്നതിനാലാണ് താരം പ്രതിഫലം വര്‍ദ്ധിപ്പിച്ചതെന്നാണ് സൂചന. പരിപാടിയുടെ നിര്‍മാതാക്കള്‍ ഇത് സമ്മതിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
2010ല്‍ ബിഗ്‌ബോസ് നാലാം സീസണിന്റെ അവതാരകനായാണ് സല്‍മാന്‍ ഖാന്‍ പരിപാടിയിലേക്ക് എത്തുന്നത്. ഒരു എപ്പിസോഡിന് രണ്ടര കോടിയായിരുന്നു താരത്തിന്റെ പ്രതിഫലം. നാലാം സീസണ്‍ വമ്പന്‍ ഹിറ്റായതോടെ സല്‍മാന്‍ ഖാന്റെ താരമൂല്യവും വര്‍ദ്ധിക്കുകയായിരുന്നു. തുടര്‍ന്ന് ഏഴാം സീസണ്‍ എത്തിയപ്പോള്‍ താരം തന്റെ പ്രതിഫലം ഒരു എപ്പിസോഡിന് ഏഴ് കോടിയായി വര്‍ദ്ധിപ്പിച്ചു. ബിഗ്‌ബോസ് വമ്പന്‍ ഹിറ്റായി മറ്റ് ഭാഷകളിലും എത്തിയതോടെയാണ് 1050 കോടിയെന്ന ഭീമമായ പ്രതിഫലതുകയില്‍ സല്ലു ഇപ്പോള്‍ എത്തിനില്‍ക്കുന്നത്.