ഹൈദരാബാദ്- ഇസ്ലാമിനേയും മുസ്ലിംകളേയും പരിഹസിക്കുന്ന സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവില്‍ നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തെലങ്കാന ഹൈക്കോടതി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
അഭിഭാഷകന്‍ ഖാജാ ഐജാസുദ്ദീന്‍ നല്‍കിയ കോടതിയലക്ഷ്യ കേസ് പരിഗണിക്കവേ, ചീഫ് ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍, ജസ്റ്റിസ് ബി വിജയസെന്‍ റെഡ്ഡി എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്ര സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയത്. കന്ദ്ര ആഭ്യന്തര സെക്രട്ടറി സ്വീകരിച്ച നടപടിയെക്കുറിച്ച് കോടതിയെ അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സൂര്യ കരണ്‍ റെഡ്ഡി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മൂന്നാഴ്ചത്തെ സമയം അനുവദിച്ചു.
മൂന്നാഴ്ചയ്ക്കകം എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ച കോടതി ഹരജി ഒക്ടോബര്‍ 21 ന് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മാറ്റി.
കോവിഡ് ലോക്ക്ഡൗണ്‍ സമയത്താണ് ഇസ്ലാം ഭീതി പടര്‍ത്തുന്ന പോസ്റ്റുകള്‍ക്കെതിരെ ഖാജ ഐജാസുദ്ദീന്‍ തെലങ്കാന ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കിയിരുന്നത്. ട്വിറ്ററില്‍ വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് ട്വിറ്ററിനും ഉപയോക്താക്കള്‍ക്കുമെതിരെ ക്രിമിനല്‍ നടപടിയെടുക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു.