Sorry, you need to enable JavaScript to visit this website.

സിനിമ സംവിധായകന്‍  ഭാരതിരാജ ആശുപത്രിയില്‍

ചെന്നൈ- തമിഴ് സംവിധായകന്‍ ഭാരതിരാജയെ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുദിവസമായി ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ നേരിട്ട അദ്ദേഹം ചെന്നൈയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. ചൊവ്വാഴ്ചയാണ് ചെന്നൈയിലെ ടി നഗറിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിര്‍ജലീകരണവുമായി ബന്ധപ്പെട്ട അസ്വസ്ഥതകളാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കാരണമായത്.
കഴിഞ്ഞ ആഴ്ച മധുരയിലായിരുന്ന ഭാരതി രാജക്ക് അവിടെ വെച്ച് ശാരീരികമായ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. വിമാനത്താവളത്തില്‍വെച്ച് ബോധരഹിതനായി വീഴുകയും ചെയ്തു. തുടര്‍ന്ന് ചെന്നൈയില്‍ തിരിച്ചെത്തിയ അദ്ദേഹം ചെന്നൈ നീലങ്കരയിലെ വസതിയില്‍ വിശ്രമവും മരുന്നുകളുമായി കഴിഞ്ഞു വരികയായിരുന്നു. ആരോഗ്യനില നിരീക്ഷിച്ച ശേഷം മെച്ചപ്പെട്ട ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. പനി, നിര്‍ജ്ജലീകരണം, ദഹനപ്രശ്‌നങ്ങള്‍ എന്നിവയാല്‍ ബുദ്ധിമുട്ടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിരവധി ആരാധകരും സിനിമാ മേഖലയിലെ പ്രമുഖരും അദ്ദേഹത്തിന് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ കഴിയട്ടെ എന്ന് ആശംസകള്‍ അറിയിച്ചു.
 

Latest News