Sorry, you need to enable JavaScript to visit this website.

ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്‌മെന്റ് നീക്കവുമായി വീണ്ടും പ്രതിപക്ഷം

ന്യൂദല്‍ഹി- സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസ് വിചാരണയ്ക്കിടെ മരിച്ച സിബിഐ കോടതി ജഡ്ജ് ബി എച്ച് ലോയയുടെ മരണത്തിലെ ദുരൂഹതകള്‍ അന്വേഷിക്കേണ്ടതില്ലെന്ന സുപ്രീം കോടതി ഉത്തരവിനു പിന്നാലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള നീക്കങ്ങള്‍ പ്രതിപക്ഷം വീണ്ടും സജീവമാക്കിയതായി റിപ്പോര്‍ട്ട്. ലോയയുടെ കേസടക്കം പല വിഷയങ്ങളും ഉന്നയിച്ചാണ് നേരത്തെ മുതിര്‍ന്ന ജഡ്ജിമാരടക്കം ചീഫ് ജസ്റ്റിസിനെതിരെ രംഗത്തു വന്നതിരുന്നത്. ലോയയുടെ കേസില്‍ സംശയങ്ങള്‍ ബാക്കിയാക്കി കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് കേസ് തള്ളിയതോടെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നാലു പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് രാജ്യസഭയില്‍ ഇംപീച്‌മെന്റ് പ്രമേയം അവതരിപ്പിക്കാനാണു നീക്കം.

രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസിന്റെ ഗുലാം നബി ആസാദ് ഇന്ന് രാജ്യസഭാ അധ്യക്ഷനായ ഉപരാഷ്ട്രപതി എം വെങ്കയ നായിഡുവിനെ കാണാന്‍ സമയം തേടിയിട്ടുണ്ട്. ഈ കൂടിക്കാഴ്ചയില്‍ ഇംപീച്‌മെന്റ് പ്രമേയം ചര്‍ച്ചയാകുമെന്ന് കരുതപ്പെടുന്നു. 67 രാജ്യസഭാംഗങ്ങളുടെ ഒപ്പ് പ്രമേയത്തിന് അനുകൂലമായി ലഭിച്ചിട്ടുണ്ടെന്ന് ഇതുമായി ബന്ധമുള്ള പ്രതിപക്ഷ നേതാക്കള്‍ പറയുന്നു. ഈ പ്രമേയം രാജ്യസഭാധ്യക്ഷനു സമര്‍പ്പിച്ചേക്കും. ഇതിനു മുന്നോടിയായ ഗുലാം നബി ആസാദ് ഇന്ന് ഒരു യോഗം വിളിക്കുന്നുണ്ട്. സിപിഎം, സിപിഐ, ആര്‍ജെഡി, എന്‍സിപി എന്നീ പാര്‍ട്ടികളാണ് ഇംപീച്‌മെന്റ് പ്രമേയം കൊണ്ടുവരാനുള്ള നീക്കവുമായി കോണ്‍ഗ്രസിനൊപ്പമുള്ളത്.

എന്നാല്‍ രാജ്യസഭാധ്യക്ഷന്‍ ഈ പ്രമേയം സ്വീകരിക്കാന്‍ ഇടയില്ല. സ്വീകരിച്ചാല്‍ ചീഫ് ജസ്റ്റിസിനെതിരായ ആരോപണം അന്വേഷിക്കാന്‍ മൂന്നംഗ സമതിയെ രാജ്യസഭാധ്യക്ഷന്‍ നിയോഗിക്കും. ചീഫ് ജസ്റ്റിസിനെ പുറത്താക്കാന്‍ മതിയായ കാരണങ്ങളുണ്ടെന്ന് ഈ സമിതി കണ്ടെത്തിയാല്‍ സഭ ഇതു ചര്‍ച്ച ചെയ്തു വോട്ടുനിടും. പ്രമേയം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാസായാല്‍ ലോക്‌സഭയിലും വോ്ട്ടിനിടും. ഇരുസഭകളും പാസാക്കിയാല്‍ ഇംപീച്ച്‌മെന്റ് ആവശ്യം രാഷ്ട്രപതിക്കു സമര്‍പ്പിക്കും. രാഷ്ട്രപതിയുടെ ഉത്തരവിലൂടെ മാത്രമെ സുപ്രീം കോടതി ജഡ്ജിയെ പുറത്താക്കാന്‍ കഴിയൂ. 

പാര്‍ലമെന്റ് സമ്മേളനം നടക്കാത്ത സമയത്തും ഇംപീച്‌മെന്റ് പ്രമേയം കൊണ്ടുവരുന്നതിന് തടസ്സമില്ല. ചുരുങ്ങിയത് 50 പ്രതിപക്ഷ അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ പ്രമേയം സമര്‍പ്പിക്കാം. കോണ്‍ഗ്രസ് നേരത്തെ തന്നെ 65 അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്്. കൂടുതല്‍ പ്രതിപക്ഷ കക്ഷികളുടെ പിന്തുണ സംബന്ധിച്ചു വ്യക്തതയില്ല. അതേസമയം പ്രമേയത്തെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ ഭിന്നതയുള്ളതായും റിപ്പോര്‍ട്ടുണ്ട്. 


 

Latest News