ബെംഗളൂരു- കര്‍ണാടകയില്‍ വര്‍ഷങ്ങളായി യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ആള്‍ദൈവത്തിനും കുറ്റകൃത്യത്തില്‍ സഹായിച്ച ഭാര്യയ്ക്കുമെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
അഞ്ച് വര്‍ഷം മുമ്പ് ഒരു ചടങ്ങില്‍ വെച്ചു കണ്ട പെണ്‍കുട്ടിയെയാണ് ആനന്ദമൂര്ത്തിയെന്ന ദിവ്യന് ലൈംഗികമായി ചൂഷണം ചെയ്തതെന്ന് ആവളഹള്ളി പോലീസ് പറഞ്ഞു.
ഭാവിയില്‍ പെണ്‍കുട്ടിക്കും കുടുംബത്തിനും വലിയ വിപത്തുകള്‍ വരാനിരിക്കുന്നുവെന്നും അത് ഒഴിവാക്കാന്‍ തന്റെ വീട്ടിലെത്തി ദേവതക്ക് ആരാധനകളര്പ്പിക്കണമെന്നും പറഞ്ഞാണ് പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചത്.
വീട്ടിലെത്തിയ യുവതിയെ ഇയാള്‍ മയക്കുമരുന്ന് നല്കിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതിയുടെ ഭാര്യ ലത ഈ ഹീനകൃത്യത്തിന്റെ വീഡിയോ എടുക്കുകയും പുറത്തുപറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. സംഭവം ആരെയെങ്കിലും അറിയിച്ചാല്‍ വീഡിയോ വൈറലാക്കുമെന്നും ഭീഷണിപ്പെടുത്തി.
തന്റെ ഭാഗ്യമെന്നു പറഞ്ഞുകൊണ്ട് പ്രതി വര്‍ഷങ്ങളായി യുവതിയെ ചൂഷണം ചെയ്തുവരികയായിരുന്നു.
അടുത്തിടെ യുവതിയുടെ വീട്ടുകാര്‍ വിവാഹനിശ്ചയം നടത്തിയെങ്കിലും പ്രതിശ്രുതവരനെ നേരിട്ടുകണ്ട ആനന്ദമൂര്‍ത്തി യുവതിയുടെ നഗ്നചിത്രങ്ങള്‍ കാണിച്ചു. മാതാപിതാക്കളെ ഫോണില്‍ വിളിച്ച് മകളുടെ വിവാഹത്തിനു മുതിര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
തന്നില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത ആനന്ദമൂര്‍ത്തി ഇതുപോലെ നിരവധി സ്ത്രീകളെ ചൂഷണം ചെയ്യുന്നുണ്ടെന്നും യുവതി പറഞ്ഞു.