ഹൈദരാബാദ് - നാട്ടിലെ പോലീസുകാരുടെ പഞ്ചഗുസ്തിയിൽ പൊറുതിമുട്ടിയിരിക്കേ, തെലങ്കാനയിലെ മാതൃകാ പോലീസ് സ്റ്റേഷനിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനം. ഹൈദരാബാദ് പഞ്ചഗുഡയിലെ മാതൃകാ പോലീസ് സ്റ്റേഷനിലാണ് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ പിണറായി ഇന്നലെ സന്ദർശനം നടത്തിയത്. രാജ്യത്തെ മികച്ച രണ്ടാമത്തെ പോലീസ് സ്റ്റേഷനായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചഗുഡ സ്റ്റേഷനിലെ സൗകര്യങ്ങളും നടപടിക്രമങ്ങളും പോലീസ് ഉദ്യോഗസ്ഥർ പിണറായിയോട് വിവരിച്ചു. തെലങ്കാന ആഭ്യന്തര മന്ത്രി എൻ. നരസിംഹ റെഡ്ഡി, സംസ്ഥാന പോലീസ് മേധാവി മഹേന്ദ്ര റെഡ്ഡി എന്നിവർ ചേർന്ന് പിണറായിയെ സ്വീകരിച്ചു. കേരള മുഖ്യമന്ത്രിക്കു സ്റ്റേഷനു മുന്നിൽ ഗാർഡ് ഓഫ് ഓണറും നൽകി. മികച്ച പോലീസ് സ്റ്റേഷൻ എന്ന നിലയിലാണ് തന്റെ സന്ദർശനമെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കുന്നതായും പിണറായി പറഞ്ഞു. മികച്ച സേവനത്തിനുള്ള പുരസ്‌കാരം സ്റ്റേഷൻ അധികൃതർക്കു നൽകണമെന്ന് പിണറായി തെലങ്കാന ആഭ്യന്തര മന്ത്രിയോടു ശുപാർശ ചെയ്തു.
പഞ്ചഗുഡയിലെ അസിസ്റ്റന്റ് കമ്മീഷണർ ഓഫീസാണ് തെലങ്കാന സർക്കാർ മാതൃകാ പോലീസ് സ്റ്റേഷനാക്കി മാറ്റിയത്. സി.സി ടി.വി സംവിധാനം, വനിതാ വിശ്രമ സ്ഥലം, ടെൻഷൻ ഫ്രീ സോൺ, ശുചി മുറികൾ തുടങ്ങി മാതൃകാ പോലീസ് സ്റ്റേഷനിൽ ഒട്ടേറെ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.