ന്യൂദല്‍ഹി-ബിജെപിയില്‍ ചേര്‍ന്നാല്‍ എല്ലാ കേസുകളും അവസാനിപ്പിക്കാമെന്ന വാഗ്ദാനം ലഭിച്ചതായി ദല്‍ഹി ഉപമുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയ. എഎപി വിടൂ, ബിജെപിയില്‍ ചേരൂ എന്ന സന്ദേശം തനിക്കു ബിജെപി നേതാക്കളില്‍നിന്നു ലഭിച്ചതായി സിസോദിയ പറഞ്ഞു.
തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഇത്തരം ഗൂഢാലോചനക്കാര്‍ക്കു മുന്നില്‍ കീഴടങ്ങില്ലെന്നും സിസോദിയ പറഞ്ഞു. ദല്‍ഹി സര്‍ക്കാരിന്റെ എക്‌സൈസ് നയവുമായി സിസോദിയ ഉള്‍പ്പെടെ 15 പേരെ സി.ബി.ഐ കേ പ്രതി ചേര്‍ത്തിട്ടുണ്ട്.
സിബിഐ, ഇഡി കേസുകളെല്ലാം അവസാനിപ്പിക്കാം എന്നായിരുന്നു വാഗ്ദാനമെന്ന് സിസോദിയ പറയുന്നു. താന്‍ ഒരു രജപുത്രനാണെന്നും മഹാറാണ പ്രതാപന്റെ പിന്‍ഗാമിയാണെന്നുമാണ് ബി.ജെ.പിയെ ഓര്‍മിപ്പിക്കാനുളളത്. തല പോയാലും ഗൂഢാലോചനക്കാര്‍ക്കും അഴിമതിക്കാര്‍ക്കും മുന്നില്‍ മുട്ടു മടക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
തനിക്കെതിരായ കേസുകളെല്ലാം അടിസ്ഥാന രഹിതമാണെന്നും അതുമായി ബന്ധപ്പെട്ട് എന്തു വേണമെങ്കിലും ചെയ്തുകൊള്ളട്ടെയെന്നും സിസോദിയ പറഞ്ഞു.