ന്യൂയോര്‍ക്ക്- വിശ്വസുന്ദരിപ്പട്ടത്തിനായി ഇനി അമ്മമാര്‍ക്കും വിവാഹിതകള്‍ക്കും മത്സരിക്കാം. ഇതുവരെ 18നും 28നും ഇടയില്‍ പ്രായമുള്ള അവിവാഹിതരെയും കുട്ടികളില്ലാത്തവരെയും മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചിരുന്നുള്ളൂ. കൂടാതെ, മിസ് യൂണിവേഴ്‌സ് പട്ടം നേടുന്ന കാലയളവില്‍ വിവാഹിതയായകരുതെന്നും ഗര്‍ഭിണിയാകരുതെന്നും നിബന്ധനയുണ്ട്.
72-ാം വിശ്വസുന്ദരിപ്പട്ടത്തിനായുള്ള അടുത്ത വര്‍ഷത്തെ മത്സരം മുതല്‍ വിവാഹിതര്‍ക്കും പങ്കെടുക്കാമെന്ന് സംഘാടകര്‍ അറിയിച്ചു. സ്വകാര്യ തീരുമാനങ്ങള്‍ വിജയത്തിനു തടസ്സമാകരുതെന്നു വിശ്വാസത്തിലാണു നിബന്ധനകളില്‍ മാറ്റം വരുത്തുന്നതെന്നു സംഘാടകര്‍ വ്യക്തമാക്കി.
പുതിയ തീരുമാനത്തില്‍ ഏറെ സന്തോഷിക്കുന്നതായി 2020ല്‍ വിശ്വസുന്ദരിപ്പട്ടം നേടിയ മെക്‌സിക്കക്കാരി ആന്‍ഡ്രിയ മെസ പറഞ്ഞു. നേതൃസ്ഥാനങ്ങളിലേക്കു വനിതകള്‍ എത്തുന്ന ഈ കാലയളവില്‍ സുന്ദരിപ്പട്ടങ്ങള്‍ അമ്മമാര്‍ക്കും തുറന്നു കൊടുക്കേണ്ട സമയമായെന്നു മെസ പറഞ്ഞു. സുന്ദരിപ്പട്ടം നേടിയതിനു പിന്നാലെ, വിവാഹിതയാണെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായെങ്കിലും മെസ നിഷേധിച്ചിരുന്നു.