അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇന്നസെന്റ് ഒഴിയുന്നതോടെ അടുത്ത പ്രസിഡന്റ് ആരാകും എന്ന ആകാംക്ഷയിലാണ് സംഘടനയിലെ ആംഗങ്ങൾ. ഇന്നസെന്റും മമ്മൂട്ടിയും പ്രധാന സ്ഥാനങ്ങൾ നിർവഹിക്കുമ്പോഴും എല്ലാത്തിലും പങ്കാളിയായി നിൽക്കുന്നത് ഇടവേള ബാബുവാണ്. അതിനാൽ അദ്ദേഹം തന്നെ ചുമതലയിൽ വരുന്നതാണ് ഉത്തമമെന്ന് വലിയ വിഭാഗം ദിലീപ് അനുകൂലികളായ താരങ്ങൾ പ്രതീക്ഷിക്കുന്നു. പ്രസിഡന്റ് പദവി ലക്ഷ്യമിട്ട് പിന്തുണ തേടി ഇടവേള ബാബു സ്വന്തം നിലയ്ക്കും പലരെയും സമീപിച്ചു തുടങ്ങിയിട്ടുണ്ട്. എന്ത് വിലകൊടുത്തും ഇടവേള ബാബുവിനെ പ്രസിഡന്റാക്കുന്നതിനെ എതിർക്കാനാണ് വനിതാ കൂട്ടായ്മയുടെ തീരുമാനം.
ജൂണിലാണ് അമ്മയുടെ തെരഞ്ഞെടുപ്പ്. ഇടവേള ബാബുവിനെ പ്രസിഡന്റാക്കാനാണ് ദിലീപ് അനുകൂലികളുടെ നീക്കം. വൈസ് പ്രസിഡന്റായ മോഹൻലാലിന്റെയും ബാലചന്ദ്ര മേനോന്റെയും പേരുകളും ചിലർ ഉയർത്തുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ശക്തമായി ശബ്ദമുയർത്തിയ പൃഥ്വിരാജിനെ പ്രസിഡന്റാക്കാനും യുവതാരങ്ങൾക്കിടയിൽ നീക്കമുണ്ട്. കുഞ്ചാക്കോ ബോബനെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാനും വനിതാ കൂട്ടായ്മ ശ്രമിക്കുന്നുണ്ട്. ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മമ്മൂട്ടി ഒഴിഞ്ഞേക്കുമെന്നാണ് സൂചന. ദിലീപ് വിവാദം കത്തിക്കാളിയ സമയത്ത് ഇന്നസെന്റിന്റെ നേതൃത്വം ഏറെ ഗുണം ചെയ്തുവെന്ന് കരുതുന്നവരാണ് ദിലീപ് പക്ഷക്കാർ.