മുംബൈ- ഗര്‍ഭിണിയായ നടി ആലിയ ഭട്ടിന്റെ തൂക്കം കൂടുന്നതിനെ കുറിച്ച് ഭര്‍ത്താവ് രണ്‍ബീര്‍ കപൂര്‍ പറഞ്ഞ തമാശ ആരാധകര്‍ക്ക് ഇഷ്ടമായില്ല. മുന്‍പിന്‍ നോക്കാതെയുള്ള രണ്‍ബീറിന്റെ തമാശയെ ആരാധകര്‍ സമൂഹ മാധ്യമങ്ങളില്‍ ചോദ്യം ചെയ്തു.
പുതിയ സിനിമയായ ബ്രഹ്‌മാസ്ത്രയെ കുറിച്ചുള്ള തത്സമയ പരിപാടിയിലാണ് ആലിയ ഭട്ടിന്റെ ശരീരഭാരം വര്‍ധിക്കുന്നതിനെക്കുറിച്ച് രണ്‍ബീര്‍ കപൂര്‍ തമാശ പറഞ്ഞത്.
കഴിഞ്ഞ ജൂണില്‍ ദമ്പതിമാരുടെ ഫോട്ടോക്കൊപ്പം ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ആലിയ ഗര്‍ഭിണിയാണെന്ന കാര്യം അറിയിച്ചിരുന്നത്.
ആലിയയും രണ്‍ബീറും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് ബ്രഹ്‌മാസ്ത്ര. ഇതേക്കുറിച്ച് പറയുന്നതിനിടെയാണ് രണ്‍ബീര്‍ ആലിയയുടെ വയറിലേക്ക് വിരല്‍ ചൂണ്ടുകയും ശരീരഭാരം കൂടുന്നതിനെ കുറിച്ച് പറയുകയും ചെയ്തത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഉപയോക്താക്കള്‍ നടന്റെ നര്‍മബോധത്തെ ചോദ്യം ചെയ്യുകയും ബോഡി ഷെയ്മിംഗ് അരോചകമാണെന്ന് പ്രതികരിക്കുകയും ചെയ്തു.
എന്തുകൊണ്ട് പുതിയ സിനിമയുടെ പ്രൊമോഷന്‍ പരക്കെ ചെയ്യുന്നില്ലെന്ന ചോദ്യത്തിനാണ് ചിലര്‍ പരന്നു കിടക്കുകയാണെന്ന് രണ്‍ബീര്‍ ആലിയയുടെ വയറിലേക്ക് നോക്കി പറഞ്ഞത്. തമാശയെന്ന് രണ്‍ബിര്‍ കൂട്ടിച്ചേര്‍ത്തെങ്കിലും ആരാധകര്‍ക്ക് ക്ഷമിക്കാന്‍ കഴിയുന്നില്ല. ഗര്‍ഭിണിയോട് ഇങ്ങനെ പറഞ്ഞത് വെറുപ്പുളവാക്കുന്നതാണെന്നും അരോചകമാണെന്നും ആരാധകര്‍ പ്രതികരിച്ചു.