ആലപ്പുഴ- ഹരികൃഷ്ണന്‍മാര്‍ തിരിച്ചെത്തുന്നു, 23 വര്‍ഷങ്ങള്‍ക്കു ശേഷം.ഹരികൃഷ്ണന്‍സ് 2 വൈകാതെ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.സംവിധായകന്‍ ഫാസിലിന്റെ അവസാന ചിത്രമായിരിക്കും ഇതെന്നും പറയപ്പെടുന്നു. മോഹന്‍ലാലും മമ്മൂട്ടിയും മാത്രമല്ല ഇത്തവണ ഫഹദ് ഫാസിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. എത്ര കണ്ടാലും മതിവരാത്ത സിനിമകളിലൊന്നാണ് 1998ല്‍ പുറത്തിറങ്ങിയ ഫാസില്‍ ചിത്രം 'ഹരികൃഷ്ണന്‍സ്'. മോഹന്‍ലാലും മമ്മൂട്ടിയും ഏകദേശം തുല്യരായി മലയാള സിനിമയില്‍ നില്‍ക്കുന്ന സമയത്താണ് ഫാസില്‍ ഹരികൃഷ്ണന്‍സ് എന്ന ഒരു സിനിമ ചെയ്യുന്നത്.രണ്ടുപേരോടും സൗഹൃദം കാത്തു സൂക്ഷിക്കുന്ന ആളെന്ന നിലയ്ക്ക് ഇങ്ങനെയൊരു സിനിമ ചെയ്യുവാന്‍ ആദ്യം കൗതുകമായിരുന്നുവെന്ന് ഫാസില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. മീരയുടെ സുഹൃത്തായ ഗുപ്തന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സംവിധായകന്‍ രാജീവ് മേനോനായിരുന്നു. ആദ്യം ഷാറൂഖാനെ ഈ വേഷത്തിനായി തീരുമാനിച്ചിരുന്നത്. ഡേറ്റ് ഇല്ലാത്തതിനാല്‍ ആയിരുന്നു അദ്ദേഹം സിനിമയില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നത്.കുഞ്ചാക്കോ ബോബനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. പ്രണവം ആര്‍ട്‌സിന്റെ ബാനറില്‍ സുചിത്ര മോഹന്‍ലാല്‍ നിര്‍മ്മിച്ച ഈ ചിത്രം പ്രണവം മൂവീസ് ആണ് വിതരണം ചെയ്തിരിക്കുന്നത്. കഥ, തിരക്കഥ എന്നിവയെല്ലാം നിര്‍വ്വഹിച്ചത് ഫാസില്‍ തന്നെയായിരുന്നു. കേരളത്തിലെ പല തിയേറ്ററുകളിലും ക്ലൈമാക്‌സ് മാറ്റി പരീക്ഷിച്ച സിനിമ കൂടിയായിരുന്നു ഇത്. വടകരയില്‍ നായിക ജൂഹി ചൗള അവസാനം ലാലേട്ടന് സ്വന്തമായപ്പോള്‍ തൊട്ടടുത്ത തലശ്ശേരിയില്‍ മമ്മൂട്ടിയെയാണ് വരിച്ചിരുന്നത്.