ഹൈദരാബാദ്- മക്കാ മസ്ജിദ് സ്ഫോടനക്കേസ് പ്രതികളെ വെറുതെ വിട്ട എൻ.ഐ.എ പ്രത്യേക കോടതി ജഡ്ജി കെ. രവീന്ദർ റെഡ്ഢിയുടെ രാജി ഹൈക്കോടതി തളളി. രാജി അപേക്ഷ തള്ളിയതിനു പുറമെ ജഡ്ജി ആവശ്യപ്പെട്ട 15 ദിവസത്തെ അവധിയും നിഷേധിച്ചു. ഉടൻ ജോലിക്ക് ഹാജരാകണമെന്നാണ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് രമേശ് രംഗനാഥൻ ഉത്തരവിട്ടത്. തുടർന്ന് വ്യാഴാഴ്ച രവീന്ദർ റെഡ്ഢി വീണ്ടും കോടതിയിൽ ഹാജരായി.
ഹൈദരാബാദ് ഫോർത്ത് അഡീഷണൽ മെട്രൊപൊളിറ്റൻ സെഷൻസ് ജഡ്ജായ രവീന്ദർ റെഡ്ഡി ഏപ്രിൽ 16നാണ് മക്കാ മസ്ജിദ് സ്ഫോടനക്കേസ് വിധി പറഞ്ഞയുടൻ രാജി പ്രഖ്യാപിച്ചത്. മെട്രോപോളിറ്റൻ സെഷൻസ് ജഡ്ജിക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും സമർപ്പിച്ച രാജിക്കത്തിൽ അദ്ദേഹം വ്യക്തിപരമായ കാരണങ്ങളാണ് രാജിക്കായി ചൂണ്ടിക്കാട്ടിയിരുന്നത്.
ഒരു ഭൂമിത്തർക്ക കേസിൽ പ്രതിക്ക് ധൃതിയിൽ മുൻകൂർജാമ്യം നൽകിയതുമായി ബന്ധപ്പെട്ട് രവീന്ദർ റെഡ്ഡിക്കെതിരെ ഹൈക്കോടതിയുടെ വിജിലൻസ് വകുപ്പിന്റെ അന്വേഷണവും നടന്നുവരുന്നുണ്ട്്്. കോടതി നടപടികൾക്കു വിരുദ്ധമായാണ് പ്രതിക്ക് ജഡ്ജി രവീന്ദർ റെഡ്ഡി തിടുക്കപ്പെട്ട് ജാമ്യം അനുവദിച്ചതെന്നും ഇതിനു പിന്നിലെ അഴിമതി സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൃഷ്ണ റെഡ്ഡി സമർപ്പിച്ച പരാതിയിലാണ് അന്വേഷണം.