ഇടപ്പള്ളി- മലയാള സിനിമയിലെ മുന്‍നിര യുവ നായികമാരില്‍ ഒരാളാണ് ദുര്‍ഗ കൃഷ്ണ. സിനിമാ രംഗത്തെത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ താരത്തിനായി. പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം തന്നെ അടുത്തിടെ ദുര്‍ഗയ്ക്ക് വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു. കുടുക്ക്, ഉടല്‍ തുടങ്ങിയ സിനിമകളിലെ ഇന്റിമേറ്റ് രംഗങ്ങളായിരുന്നു അവയ്ക്ക് കാരണം. ഇപ്പോഴിതാ ഇത്തരം വിമര്‍ശനങ്ങളില്‍ പ്രതികരിച്ചിരിക്കുകയാണ് ദുര്‍ഗ. ഒരു സിനിമയില്‍ ഉണ്ടാകുന്നത് പോലെ ഫൈറ്റ് സീന്‍, ഇമോഷണല്‍ സീന്‍, കോമഡി സീന്‍ പോലെയെ ഇന്റിമേറ്റ് സീനുകളും കണ്ടിട്ടുള്ളൂവെന്ന് നടി പറയുന്നു. സെക്ഷ്വല്‍ ഫ്രസ്‌ട്രേഷന്‍ കൊണ്ടാകും ആളുകള്‍ ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്നും ദുര്‍ഗ പറഞ്ഞു.
'എന്റെ തൊഴിലാണ് ഞാന്‍ ചെയ്യുന്നത്. ഒരു സിനിമയില്‍ ഉണ്ടാകുന്നത് പോലെ ഫൈറ്റ് സീന്‍, ഇമോഷണല്‍ സീന്‍, കോമഡി സീന്‍ പോലെയെ ഇന്റിമേറ്റ് സീനുകളും കണ്ടിട്ടുള്ളൂ. അതിന് പ്രത്യേകമായൊരു പ്രാധാന്യം ഞാന്‍ കൊടുക്കുന്നില്ല. അതിങ്ങനെ സ്‌പെഷ്യല്‍ ആയി പറയേണ്ട കാര്യമൊന്നും ഇല്ല. അങ്ങനെ ഉള്ള സീനുകള്‍ വരുമ്പോള്‍ മാത്രം എന്തുകൊണ്ട് വിവാദങ്ങള്‍ ഉണ്ടാകുന്നു, അതും സ്ത്രീകള്‍ക്ക് നേരെ എന്തിന് എന്ന് എനിക്ക് മനസിലാകുന്നില്ല. സെക്ഷ്വല്‍ ഫ്രസ്‌ട്രേഷന്‍ കൊണ്ടാകും ആളുകള്‍ ഇങ്ങനെ ഒക്കെ പറയുന്നത്. എല്ലാവരും അല്ല കുറച്ചു പേര്‍. ഹിന്ദി, ഇംഗ്ലീഷ് സിനിമകളിലെ ഇത്തരം രംഗങ്ങള്‍ ആളുകള്‍ കണ്ടിരിക്കാറുണ്ട്. ഈ സീനിനെ ആരും വെറുക്കുന്നില്ല. പക്ഷേ ഒരു മലയാള നടി ചെയ്യുന്ന സമയത്ത് എന്തുകൊണ്ട് ഇങ്ങനെ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുവെന്ന് മനസ്സിലാകുന്നില്ല', എന്ന് ദുര്‍ഗ കൃഷ്ണ പറഞ്ഞു. കുടുക്ക് സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെ ആയിരുന്നു താരത്തിന്റെ പ്രതികരണം.
കുടുക്കിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ ദുര്‍ഗയ്ക്ക് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി നടന്‍ കൃഷ്ണ ശങ്കര്‍ രംഗത്തെത്തിയിരുന്നു. കൂട്ടുപ്രതിയായ താന്‍ സുഖമായി ഉറങ്ങാന്‍ പോകുമ്പോള്‍ ഇപ്പോഴും ആളുകള്‍ ദുര്‍ഗയെയും അവരുടെ ഭര്‍ത്താവ് ആയ അര്‍ജുനെയും വീട്ടുകാരെയും പറ്റി മോശമായി സംസാരിക്കുന്നുവെന്ന് കൃഷ്ണ ശങ്കര്‍ പറഞ്ഞു. നട്ടെല്ലില്ലാത്തവന്‍ എന്നവരുടെ ഭര്‍ത്താവിനെ പറയുമ്പോള്‍ എത്ര ആളുകള്‍ ഉണ്ട് അയാളെ പോലെ ഭാര്യയോടുള്ള സ്‌നേഹവും വിശ്വാസവും അവര്‍ ചെയ്യുന്ന ജോലിയോടുള്ള ബഹുമാനവും ഉള്ളവര്‍. അതുകൊണ്ട് ഇത്തരത്തിലുള്ള കമന്റുകള്‍ എഴുതുമ്പോള്‍ ഒരു നിമിഷം മുമ്പ് നിങ്ങള്‍ നിങ്ങളുടെ വീട്ടുകാരെ ഒന്ന് സ്മരിക്കണമെന്നും പറഞ്ഞിരുന്നു.