കൊച്ചി- ലൂസിഫര്‍ സിനിമയുടെ അടുത്ത ഭാഗമായ എമ്പുരാന്റെ തിരക്കഥ പൂര്‍ത്തിയായി. ചിത്രീകരണം ഉടന്‍ തുടങ്ങുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ന്ല്‍കുന്ന സൂചന. പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാകുന്ന എമ്പുരാന്‍. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.മലയാളത്തില്‍ ആദ്യമായി 200 കോടി ക്ലബിലെത്തിയ ചിത്രമായിരുന്നു ലൂസിഫര്‍.
ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായും ഉടന്‍ തന്നെ ചിത്രീകരണം തുടങ്ങുമെന്നും സംവിധായകനും നടനുമായ പൃഥ്വിരാജ് പറഞ്ഞു.
പൃഥ്വിരാജ്, മോഹന്‍ലാല്‍, മുരളിഗോപി, ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ കൂടിക്കഴ്ചയുടെ വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. ഈ വീഡിയോയില്‍ എമ്പുരാന്‍ സംബന്ധിച്ചുള്ള വിശേഷങ്ങള്‍ പൃഥ്വിരാജ് പങ്കുവെച്ചു. സിനിമയുടെ ചിത്രീകരണം എപ്പോള്‍ പൂര്‍ത്തിയാകുമെന്നോ സിനിമ എപ്പോള്‍ റിലീസ് ആകുമെന്നോ പറയാന്‍ സാധിക്കില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു.
ലൂസിഫറിന് പ്രേക്ഷകര്‍ തന്ന സ്വീകാര്യതയും ആത്മവിശ്വാസവുമാണ് എമ്പുരാന്‍ ചെയ്യാനുള്ള പ്രചേദനമെന്നാണ് പൃഥ്വിരാജ് പറഞ്ഞു. 2019ലാണ് പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ പുറത്തിറങ്ങിയത്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് ലൂസിഫറില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ഗംഭീര ട്വിസ്റ്റും രണ്ടാം ഭാഗത്തിനുള്ള സൂചനയും നല്‍കി കൊണ്ടാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗം.