പട്‌ന- നിതീഷ് കുമാർ നേതൃത്വം നൽകുന്ന ബിഹാർ മന്ത്രിസഭ വിപുലീകരിച്ചു. 31 മന്ത്രിമാർ ഉൾക്കൊള്ളുന്ന മന്ത്രിസഭയിൽ കൂടുതൽ അംഗങ്ങൾ ആർ.ജെ.ഡിയിൽനിന്നാണ്. ഗവർണർ ഫാഗു ചൗഹാൻ പുതിയ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ആർ.ജെ.ഡിക്ക് 16 മന്ത്രിസ്ഥാനങ്ങളും ജനതാദളിന് (യുണൈറ്റഡ്) 11 മന്ത്രിസ്ഥാനവും ലഭിച്ചു.
കോൺഗ്രസിൽ നിന്നുള്ള രണ്ട് നിയമസഭാംഗങ്ങൾ, ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയിൽ നിന്നുള്ള ഒരാൾ, ഏക സ്വതന്ത്ര എം.എൽ.എ സുമിത് കുമാർ സിങ് എന്നിവരും കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
മുഹമ്മദ് സമ ഖാൻ, ജയന്ത് രാജ്, ഷീലാകുമാരി, സുനിൽ കുമാർ, സഞ്ജയ് ഝാ, മദൻ സാഹ്നി, ശ്രാവൺ കുമാർ, അശോക് ചൗധരി, ലെഷി സിംഗ്, വിജയ് കുമാർ ചൗധരി, ബിജേന്ദ്ര യാദവ് എന്നിവരുൾപ്പെടെ തന്റെ പാർട്ടിയിലെ മിക്ക മന്ത്രിമാരെയും നിതീഷ് കുമാർ നിലനിർത്തി.
ആർ.ജെ.ഡിയിൽ നിന്ന്, തേജസ്വി യാദവിന്റെ സഹോദരൻ തേജ് പ്രതാപ് യാദവ്, അലോക് മേത്ത, സുരേന്ദ്ര പ്രസാദ് യാദവ്, രാമാനന്ദ് യാദവ്, കുമാർ സർവജീത്, ലളിത് യാദവ്, സമീർ കുമാർ മഹാസേത്, ചന്ദ്രശേഖർ, ജിതേന്ദ്ര കുമാർ റായ്, അനിതാ ദേവി, സുധാകർ സിംഗ്, ഇസ്രായേൽ മൻസൂരി, സുരേന്ദ്ര സിംഗ്, കാർത്തികേയ , ഷാനവാസ് ആലം, ഷമീം അഹമ്മദ് എന്നിവർ സത്യപ്രതിജ്ഞ ചെയ്തു.
കോൺഗ്രസ് നിയമസഭാംഗങ്ങളായ അഫാഖ് ആലം, മുരാരി ലാൽ ഗൗതം എന്നിവരും മന്ത്രിമാരായി മന്ത്രിസഭയിൽ ഇടംനേടി. ഹിന്ദുസ്ഥാനി അവാം മോർച്ചയിൽ നിന്ന് സന്തോഷ് സുമൻ സത്യപ്രതിജ്ഞ ചെയ്തു.
ബിഹാർ മന്ത്രിസഭയിൽ മുഖ്യമന്ത്രിയടക്കം 36 മന്ത്രിമാരുണ്ടാകും. ഭാവിയിലെ മന്ത്രിസഭാ വിപുലീകരണത്തിനായി ചില മന്ത്രിസ്ഥാനങ്ങൾ ഒഴിച്ചിട്ടിരിക്കുകയാണ്.
ഈ മാസം ആദ്യമാണ് ബി.ജെ.പി മുന്നണിയിൽനിന്ന് നിതീഷ് കുമാർ പിരിഞ്ഞ് ആർ.ജെ.ഡിയും മറ്റ് പാർട്ടികളും ചേർന്ന് സർക്കാർ രൂപീകരിച്ചത്. ഓഗസ്റ്റ് 10 നാണ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയായി ആർ.ജെ.ഡിയുടെ തേജസ്വി യാദവും സത്യപ്രതിജ്ഞ ചെയ്തത്. ബിഹാർ മഹാസഖ്യത്തിന് ആകെ 163 പേരാണുള്ളത്. സ്വതന്ത്ര എം.എൽ.എ സുമിത് കുമാർ സിംഗ് നിതീഷ് കുമാറിന് പിന്തുണ പ്രഖ്യാപിച്ചതോടെ പിന്തുണക്കുന്നവരുടെ എണ്ണം 164 ആയി ഉയർന്നു. ഓഗസ്റ്റ് 24ന് ബിഹാർ നിയമസഭയിൽ പുതിയ സർക്കാർ ഭൂരിപക്ഷം തെളിയിക്കും.