ചങ്ങനാശേരി- സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ശാലു മേനോന്‍. അറിയപ്പെടുന്ന നൃത്തകലാകാരി കൂടിയാണ് താരം. ഏറെ വിവാദങ്ങളിലും ശാലുവിന്റെ പേര് ഉയര്‍ന്നു കേട്ടിട്ടുണ്ട്. സോളാര്‍ കേസുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ ശാലു മേനോന്‍ 49 ദിവസം ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. താന്‍ ജയിലില്‍ കിടന്ന ദിവസങ്ങളെ കുറിച്ച് പങ്കുവെയ്ക്കുകയാണ് ഇപ്പോള്‍. ഒരു അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് സംസാരിച്ചത്.
49 ദിവസം ജയിലില്‍ കിടന്നു. അത് ഭയങ്കരമായ അനുഭവമായിരുന്നു. സിനിമകളിലും സീരിയലിലുമൊക്കെയാണ് ജയിലിനെ കുറിച്ച് കണ്ടിട്ടുള്ളത്. എന്റെ വീട്ടില്‍ സ്ത്രീകള്‍ മാത്രേയുള്ളു. ഞാനും അമ്മയും അമ്മൂമ്മയുമാണ് വീട്ടിലുള്ളത്. അറസ്റ്റ് നടക്കും നടക്കും എന്നൊക്കെ വാര്‍ത്ത കണ്ടിരുന്നു. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പിന്നെ പേടിക്കേണ്ടതില്ലല്ലോ എന്ന രീതിയിലാണ് ഞാന്‍ നിന്നത് പിന്നെ അറസ്റ്റ് ചെയ്യുന്നു, ജയിലില്‍ പോവുന്നു തുടങ്ങി എല്ലാം പെട്ടെന്നാണ് നടന്നത്. ജയിലില്‍ ചെല്ലുമ്പോള്‍ അവിടെയുള്ള ജയില്‍വാസികളൊക്കെ എന്നെ നോക്കുന്നു. ആ സമയത്ത് സീരിയലില്‍ സജീവമായി നില്‍ക്കുന്നത് കൊണ്ട് എല്ലാവര്‍ക്കും അറിയാം,' ശാലു മേനോന്‍ പറഞ്ഞു. 'കിടക്കുന്നതൊക്കെ എല്ലാവരെയും പോലെ പായയില്‍ തന്നെയാണ്. തലയണ ഉണ്ടാവില്ല. ജയിലില്‍ വരുന്നവരൊക്കെ തെറ്റ് ചെയ്തിട്ടാണെന്നാണല്ലോ. ഭക്ഷണവും അതുപോലെ എല്ലാവരും ഒന്നിച്ച് ക്യൂ നിന്ന് വാങ്ങണം. കൂടുതല്‍ പരിഗണന കിട്ടില്ല. സൂപ്രണ്ടിന്റെ റൂമിന്റെ അടുത്ത് തന്നെയൊരു റൂമിലായിരുന്നു ഞാന്‍. എന്റെ കൂടെ അധികം ആളുണ്ടായിരുന്നില്ല. ബാക്കിയെല്ലാം ഒരുപോലെ ആയിരുന്നു,' ശാലു മേനോന്‍ കൂട്ടിച്ചേര്‍ത്തു.