കോഴിക്കോട്- തല്ലുമാല, ന്നാ താന്‍ കേസ് കൊട് എന്നീ സിനിമകള്‍ കോഴിക്കോട് നഗരത്തില്‍ ഡസനിലേറെ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ എല്ലാ തിയേറ്ററുകളിലും ഈ സിനിമകളുടെ ബുക്കിംഗ് പൂര്‍ത്തിയായി. കുറച്ചു കൂടിയ നിരക്ക് നല്‍കി ആര്‍പി മാളിലെ ആശീര്‍വാദ് മള്‍ട്ടിപ്ലെക്‌സില്‍ കാണാമെന്ന് വിചാരിച്ചാലും രക്ഷയില്ല. അവിടേയും ഹൗസ് ഫുള്ളാണ്.
ഇരു സിനിമകളും തമ്മില്‍ ക്ലാഷ് ഉണ്ടാവുമെന്ന് വിചാരിച്ചിരുന്നെങ്കിലും മികച്ച വിജയം നേടി തല്ലുമാലയും, ന്നാ താന്‍ കൊണ്ട് കേസ് കൊടും തീയ്യേറ്ററുകളില്‍ തംരംഗം സൃഷ്ടിക്കുകയാണ്. നിലവിലെ കണക്കുകള്‍ പ്രകാരം കലക്ഷനില്‍ മുന്നില്‍ നില്‍ക്കുന്നത് തല്ലുമാലയാണ്. ശനിയാഴ്ചയോടെ ചിത്രം അഞ്ച് കോടി കടന്നിരുന്നു. ഇക്കാര്യം കേരള ബോക്‌സോഫീസ് ട്വിറ്റര്‍ പേജില്‍ ട്വീറ്റ് ചെയ്തു. കുഞ്ചാക്കോ ബോബന്‍ ചിത്രം ന്നാ താന്‍ കൊണ്ട് കേസ് കൊട് നാല് കോടിയിലേക്കാണ് എത്തുന്നത്.ആദ്യ ദിനം തന്നെ തല്ലുമാല നേടിയത് 3.55 കോടിയാണ്. കേരളത്തിലാകെ ആയിരത്തിലധികം ഷോയാണ് ചിത്രത്തിനുണ്ടായിരുന്നത്. ടൊവീനോയുടെ കരിയര്‍ ബെസ്റ്റ് ഓപ്പണിങ്ങുകളില്‍ ഒന്ന് എന്ന് തന്നെയാണ് ഇതിനെ വിലയിരുത്തുന്നതും. വിവാദ പോസ്റ്ററിലാണ് തുടക്കം എങ്കിലും കുഞ്ചാക്കോ ബോബന്‍ ചിത്രം ന്നാ താന്‍ കൊണ്ട് കേസ് കൊട് രണ്ട് ദിവസം കൊണ്ട് നേടിയത് 2.71 കോടിയാണ്.രതീഷ് ബാലകൃഷ്ണ പൊതുവാള്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് കുഞ്ചാക്കോ ബോബന്‍, ഗായത്രി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ന്നാ താന്‍ കൊണ്ട് കേസ് കൊട്. കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്,എസ്ടിക്കെ ഫ്രെയിംസ്, ഉദയ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ഓഗസ്റ്റ് 11നാണ് റിലീസിനെത്തിയത്. മലയാള സിനിമയുടെ വസന്തകാലം തിരിച്ചെത്തുന്ന പ്രതീതിയാണ് തിയേറ്ററുകളില്‍.