ന്യൂദല്‍ഹി- നിര്‍ദിഷ്ട ഹിന്ദുരാഷ്ട്രത്തിനുവേണ്ടിയുള്ള ആദ്യ കരട് തയാറാക്കി സന്ന്യാസിമാര്‍. 30 സന്ന്യാസിമാരം വിദഗ്ധരുമടങ്ങുന്ന സംഘമാണ് ഹിന്ദുരാഷ്ട്ര ഭരണഘടനയുടെ ആദ്യകരട് തയാറാക്കിയത്. ഹരിദ്വാര്‍ ധര്‍മ സന്‍സദ് ഋഷി ആനന്ദ് സ്വരൂപ് ഭരണഘടനയുടെ ആമുഖം പുറത്തിറക്കി. ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്ലിംകള്ക്കും ക്രൈസ്തവര്‍ക്കും വോട്ടവകാശം നല്‍കേണ്ടതില്ലെന്ന് ആമുഖത്തില്‍ പറയുന്നു.
2023 മാര്‍ച്ചില്‍ സംഗം സിറ്റിയില്‍ ചേരുന്ന പ്രയാഗ് രാജ് ധര്‍മ സന്‍സദിലാണ് 32 പേജ് കരട് അവതരിപ്പിക്കുക.
വിദ്യാഭ്യാസം, പ്രതിരോധം, ക്രമസമാധാനം, വോട്ടിംഗ് സംവിധാനം, രാഷ്ട്രത്തലവന്റെ അധികാരം തുടങ്ങിയ കാര്യങ്ങളില്‍ പ്രധാന മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നതാണ് ആദ്യ കരട്.
ദേശീയ തലസ്ഥാനം ന്യൂദല്‍ഹിയില്‍നിന്ന് വാരാണസിയിലേക്ക് മാറ്റണമെന്നും ഉത്തര്‍പ്രദേശിലെ കാശിയില്‍ മതങ്ങളുടെ പാര്‍ലമെന്റ് സ്ഥാപിക്കണമെന്നും കരടില്‍ നിര്‍ദേശിക്കുന്നു.
നിലവിലുള്ള പാര്‍ലമെന്റിനു പകരം 543 അംഗ ധര്‍മ സന്‍സദാണ് നിലവില്‍ വരിക. പഴയ നിയമങ്ങള്‍ ഒഴിവാക്കും. ഗുരുകുല വിദ്യാഭ്യാസം വീണ്ടും സ്ഥാപിക്കും. എല്ലാ പൗരന്മാര്ക്കും സൈനിക പരിശീലനം നിര്‍ബന്ധമായിരിക്കും. കൃഷിയെ നികുതിയില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കും.
2022 ഫെബ്രുവരിയില്‍ ചേര്‍ന്ന പ്രയാഗ്രാജ് ധര്‍മ സന്‍സദില്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്ന പ്രമേയം പാസാക്കിയതിനു തുടര്‍ച്ചയായാണ് ഭരണഘടനയുടെ കരട് തയാറാക്കിയിരിക്കുന്നത്.