ചെന്നൈ- അറുമ്പക്കത്ത് ബാങ്ക് കൊള്ളയടിച്ച് സ്വര്‍ണവും പണവും കവര്‍ന്നു. 20 കോടിയുടെ നഷ്ടം കണക്കാക്കുന്നു. ധനകാര്യ സ്ഥാപനമായ ഫെഡ്ബാങ്കിന്റെ ശാഖയിലാണ് മോഷണം നടന്നത്. ജീവനക്കാരന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് കവര്‍ച്ച നടത്തിയത്.
ശനിയാഴ്ച ഉച്ചക്കാണ് ആയുധധാരികളായ സംഘം അറുമ്പക്കത്തെ റസാഖ് ഗാര്‍ഡന്‍ മേഖലയിലെ സ്ഥാപനത്തിലെത്തിയത്. സുരക്ഷാജീവനക്കാരന് ശീതളപാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി മയക്കികിടത്തിയതിന് ശേഷം അകത്തുകടന്ന ഇവര്‍ മറ്റ് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. ലോക്കറുകളുടെ താക്കോല്‍ വാങ്ങിയതിന് ശേഷം സ്ഥാപനം മാനേജരേയും മറ്റ് ചിലരേയും ശൗചാലയത്തില്‍ പൂട്ടിയിടുകയും ചെയ്തു.
ലോക്കറില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്നതിന് ശേഷം സംഘം രക്ഷപ്പെട്ടു. അകത്തേയും പുറത്തേയും സിസിടിവി ക്യാമറകളും സംഘം തകര്‍ത്തിട്ടുണ്ട്. സുരക്ഷാജീവനക്കാരന്‍ മയങ്ങിക്കിടക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു.
അണ്ണാനഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മുരുകന്‍ എന്നുപേരുള്ള ജീവനക്കാരനാണ് കവര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.