കാൽ നൂറ്റാണ്ടിനു ശേഷം ഗാനഗന്ധർവ്വൻ യേശുദാസിന് മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത് മലയാളികൾക്ക് ഏറെ അഭിമാനത്തിന് വകനൽകുന്നതായി. പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത വിശ്വാസപൂർവ്വം മൻസൂർ എന്ന ചിത്രത്തിലെ 'പോയ് മറഞ്ഞ കാലം വന്നുചേരുമോ... പെയ്‌തൊഴിഞ്ഞ മേഘം വാനം തേടുമോ...' ഗാനത്തിലൂടെയാണ് പുരസ്‌കാരം. പ്രേംദാസ് ഗുരുവായൂർ രചിച്ച് രമേഷ് നാരായണൻ ഈണമിട്ട എന്ന ഗാനം. നായകന്റെ നിസ്സഹായതയും ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകളും പ്രതിഫലിപ്പിക്കുന്ന ഒരു ഗാനം ആവശ്യപ്പെട്ടപ്പോൾ പ്രേംദാസ് എഴുതിയ വരികളാണത്.
പൂന്തോട്ട നിർമ്മാണവും പരിപാലനവുമായി ജീവിതം തള്ളിനീക്കുന്നതിനിടയിലാണ് പ്രേംദാസ് ഗാനരചനയും നിർവ്വഹിക്കുന്നത്. ഗ്വാളിയർ റയോൺസ് ജീവനക്കാരനായിരുന്ന അച്ഛൻ ഉടുക്കുകൊട്ടി പാടിയിരുന്ന പാട്ടുകൾ കേട്ടാണ് പ്രേംദാസിന്റെ മനസ്സിലും പാട്ടുകൾ നാമ്പെടുത്തത്. യാദൃഛികമായിട്ടായിരുന്നു പി.ടി. കുഞ്ഞുമുഹമ്മദും പ്രേംദാസും കണ്ടുമുട്ടിയത്. ആ കണ്ടുമുട്ടൽ വൃഥാവിലായില്ല. പുന്തോട്ടപ്പണിക്ക് വരുമ്പോഴെല്ലാം പാട്ടു കേൾപ്പിച്ചിരുന്ന പ്രേംദാസിനെക്കൊണ്ട് ഒരു ഗാനമെഴുതിക്കണമെന്ന് പി.ടിക്കും തോന്നിയിരുന്നു. അതാണ് വിശ്വാസപൂർവ്വം മൻസൂറിലെത്തിച്ചത്.
സിനിമയ്ക്കു വേണ്ടി ആദ്യമെഴുതിയ ഗാനം തന്നെ ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ട ആഹ്ലാദത്തിലാണ് പ്രേംദാസ്. ജീവിതത്തിൽ ഒരിക്കലെങ്കിലും കാണണമെന്ന് മോഹിച്ചിരുന്ന യേശുദാസ് ഈ ഗാനം പാടുകയും ദേശീയ അവാർഡ് നേടുകയും ചെയ്തതിൽ ഏറെ സന്തോഷവാനാണ് ഈ പൂന്തോട്ട പരിപാലകൻ.
എട്ടാമത്തെ ദേശീയ അവാർഡാണ് യേശുദാസിന് ലഭിക്കുന്നത്. ഈശ്വര കടാക്ഷമായാണ് അദ്ദേഹം ഈ അവാർഡ് ലബ്ധിയെ കാണുന്നത്. അപ്രതീക്ഷിതമായാണ് അവാർഡ് വിവരമറിയുന്നത്. സന്തോഷത്തോടെയാണ് ഈ അംഗീകാരം സ്വീകരിക്കുന്നത്. പരിശ്രമിച്ചാൽ എല്ലാവർക്കും ഉയരങ്ങളിലെത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.