Sorry, you need to enable JavaScript to visit this website.

മക്കാ മസ്ജിദ് സ്‌ഫോടനം: പ്രതികളെ രക്ഷിച്ച എന്‍ഐഎ പ്രോസിക്യൂട്ടര്‍ക്ക് ആര്‍എസ്എസ് ബന്ധം

ഹൈദരാബാദ്- ചരിത്രപ്രസിദ്ധമായ ഹൈദരാബാദിലെ മക്കാ മസ്ജിദില്‍ 2007-ല്‍ ഹിന്ദുത്വ ഭീകരര്‍ നടത്തിയ സ്‌ഫോടനക്കേസിലെ എല്ലാ പ്രതികളേയും വെറുതെ വിട്ട എന്‍ഐഎ പ്രത്യേക കോടതി വിധി ഉയര്‍ത്തുന്ന സംശയങ്ങള്‍ ബാക്കിയാകുന്നില്ല. കേസിലെ മുഖ്യ പ്രോസിക്യൂട്ടര്‍ ആയി കോടതിയില്‍ ഹാജരായ എന്‍ ഹരിനാഥ് എന്ന അഭിഭാഷകനെ എന്‍ഐഎ നിയമിച്ചത് ദുരൂഹമാണെന്ന ആരോപണം ഉയരുന്നു. കേസില്‍ പ്രതികളുടെ കുറ്റം തെളിവുകള്‍ നിരത്തി സ്ഥാപിച്ചെടുക്കേണ്ട പ്രോസിക്യൂട്ടറും അന്വേഷണ ഏജന്‍സിയായ എന്‍ഐഎയും ശക്തമായ ഒരു തെളിവും ഹാജരാക്കിയില്ലെന്നു പറഞ്ഞാണ് കോടതി പ്രതികളെ വെറുതെ വിട്ടത്. തെലങ്കാനയിലെ അഭിഭാഷകര്‍ക്കിടയില്‍ 'ബിജെപിയുടെ ആള്‍' ആയി അറിയപ്പെടുന്ന ഹരിനാഥ് ആര്‍എസ്എസ് ബന്ധമുള്ള പ്രതികള്‍ക്ക്് അനുകൂലമായി വിധി പറയിക്കുന്നതില്‍ നിര്‍ണായ പങ്കു വഹിച്ചുവെന്നാണ് ആരോപണം.

മക്കാ മസ്ജിദ് സ്‌ഫോടനം പോലുള്ള സുപ്രധാന ഭീകരാക്രണ കേസില്‍ പ്രൊസിക്യൂട്ടറായി ഹാജരാകണമെങ്കില്‍ കൊലപാതകക്കേസ് വിചാരണകളില്‍ നല്ല അറിവും പരിചയവും വേണം. ചുരുങ്ങിയത് 10 വര്‍ഷത്തെ എങ്കിലും പ്രാക്ടീസും ക്രിമിനല്‍ കേസ് വിചാരണ നടത്തിയുള്ള പരിചയവും ആവശ്യമാണെന്ന് മറ്റു സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായ ഉജ്വല്‍ നികം, അമരേന്ദ്ര ശരണ്‍ എന്നിവര്‍ പറയുന്നു.

സ്‌പെഷ്യന്‍ പബ്ലിക് പ്രോസിക്യൂട്ടറായി എന്‍ഐഎ നിയമിച്ച എന്‍ ഹരിനാഥിന് ക്രിമിനല്‍ വിചാരണകളില്‍ വേണ്ടത്ര പരിചയമില്ല. എന്നാല്‍ തനിക്ക് യോഗ്യതയുണ്ടെന്നാണ് ഹിരനാഥ് പറയുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍, ബാങ്ക് തട്ടിപ്പ്, കൊലപാതക ശ്രമം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കേസുകള്‍ വാദിച്ച് പരിചയമുള്ള അഭിഭാഷകനാണ് ഹരിനാഥ്. എന്നാല്‍ വലിയ കേസുകളിലൊന്നും ഇദ്ദേഹത്തിനു വാദിച്ചു പരിചയമില്ല.

വേണ്ടത്ര പരിചയമില്ലാത്ത ഹരിനാഥിനെ മക്ക മസ്ജിദ് ഭീകരാക്രമണക്കേസ് പോലെ സുപ്രധാനമായ ഒരു കേസ് വാദിക്കാനായി എന്‍ഐഎ നിയോഗിച്ചത് എങ്ങനെ എന്നതിന് എന്‍ഐഎ തന്നെയാണ് മറുപടി പറയേണ്ടതെന്ന് നികം പറയുന്നു.  ക്രിമിനല്‍ വിചാരണകളില്‍ വേണ്ടത്ര പരിചയമില്ലാത്ത ഒരു അഭിഭാഷകനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത് അമ്പരപ്പിക്കുന്നതാണെന്ന് നിരവധി കേസുകളില്‍ സര്‍ക്കാരിനു വേണ്ടി ഹാജരായിട്ടുള്ള  അഭിഭാഷകന്‍ അമേരന്ദ്ര ശരണ്‍ പറയുന്നു.

ഈ കേസിനു പിന്നിലെ ഹരിനാഥിന്റെ താല്‍പര്യങ്ങളെ സംബന്ധിച്ച് സംശയകള്‍ ബലപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ, സംഘടനാ ബന്ധങ്ങള്‍. ബിജെപിയുമായി ഏറെ അടുപ്പമുള്ള ഇദ്ദേഹം ഉസ്മാനിയ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയായിരിക്കെ ആര്‍എസ്എസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എബിവിപിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. തെലങ്കാന ബാര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഹരിനാഥിനെ പിന്തുണച്ചത് ബിജെപിയായിരുന്നു. ഒരു ഹൈ പ്രൊഫൈല്‍ കേസും വാദിച്ച് പരിചയമില്ലാത്ത ഹരിനാഥ് അഭിഭാഷകര്‍ക്കിടയില്‍ അറിയപ്പെടുന്നത് ബിജെപിക്കാരനായാണ്. എന്നാല്‍ മുന്‍ എബിവിപി പ്രവര്‍ത്തകന്‍ എന്നതിന് സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ എന്ന തന്റെ ജോലിയുമായി ഒരു ബന്ധമില്ലെന്ന് ഹരിനാഥ് പറയുന്നു. 

കേസ് ദുര്‍ബലപ്പെടുത്തുന്നതിനു വേണ്ടി മനപ്പൂര്‍വ്വമാണ് എന്‍ഐഎ ഹരിനാഥിനെ പ്രൊസിക്യൂട്ടറായി നിയമിച്ചതെന്നും ആരോപണമുണ്ട്. 'ഈ അഭിഭാഷകനെ ബിജെപി സര്‍ക്കാര്‍ ദുരുദ്ദേശത്തോടെയാണ് കേസിലേക്ക് കൊണ്ടുവന്നത്. പ്രതികളെ കുറ്റവിമുക്തരാക്കാനായിരുന്നു ഇത്. പ്രൊസിക്യൂഷന്‍ ഒരു തെളിവും ഹാജരാക്കിയില്ലെങ്കില്‍ കോടതിക്ക് പിന്നെ എന്തു ചെയ്യാന്‍ കഴിയും?' പൗരാവകാശ പ്രവര്‍ത്തകനായ മുഹമ്മദ് ലത്തീഫ് ഖാന്‍ പറയുന്നു.

മക്കാ മസ്ജിദ് സ്‌ഫോടനക്കേസ് നിര്‍ണായ വഴിത്തിരിവിലെത്തിയ 2015-ലാണ് ഹരിനാഥിനെ പ്രൊസിക്യൂട്ടറായി നിയമിച്ചത്. 2011 മുതല്‍ തന്നെ എന്‍ഐഎക്ക് വേണ്ടി രാമ റാവു എന്ന അഭിഭാഷന്‍ ഉണ്ടായിരിക്കെയാണ് ഹരിനാഥിന്റെ നിയമനം. 

ഹിന്ദുത്വ ഭീകരത മറനീക്കി പുറത്തു കൊണ്ടു വന്ന മക്ക മസ്ജിദ് അടക്കമുള്ള മുസ്ലിം കേന്ദ്രങ്ങളിലെ ഭീകരാക്രമണങ്ങളിലെല്ലാം പ്രതികളും ഒരേ ആളുകളോ പരസ്പര ബന്ധമുള്ളവരോ ആണെന്നും നേരത്തെ കണ്ടെത്തിയിരുന്നു. കേസില്‍ വെറുതെ വിട്ട ആര്‍ എസ് എസ് നേതാവ് സ്വാമി അസീമാനന്ദയാണ് പല കേസുകളിലും മുഖ്യപ്രതി. നേരത്തെ ജയിലില്‍ വച്ച് ഈ ഭീകരാക്രണത്തിലെ ആര്‍ എസ് എസിന്റെ പങ്കിനെ കുറിച്ച് വിശദമായി വെളിപ്പെടുത്തിയ അസീമാനന്ദ കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയതോടെയാണ് മൊഴികള്‍ മാറ്റിപ്പറഞ്ഞത്. കേസിലെ നിര്‍ണായക തെളിവുകള്‍ അപ്രത്യക്ഷമായതും ബിജെപി അധികാരത്തിലെത്തിയ ശേഷം നടന്ന അന്വേഷണത്തിലാണ്.
 

Latest News