ഭോപാല്‍- മധ്യപ്രദേശിലെ സിധിയില്‍ വിവാഹ സംഘം സഞ്ചരിച്ച മിനിട്രക്ക് പാലത്തില്‍ നിന്നു വറ്റിവരണ്ട നദിയിലേക്കു മറിഞ്ഞ് 21 പേര് മരിച്ചു. 20-ലേറെ പേര്‍ക്ക് പരിക്കുണ്ട്. തലസ്ഥാനമായ ഭോപാലില്‍ നിന്നും 560 കിലോമീറ്റര്‍ അകലെ സിധിയിലെ അമേലിയയിലാണ് ചൊവ്വാഴ്ച രാത്രി പത്തു മണിക്ക് ദുരന്തമുണ്ടായത്. സിന്ഗ്രോലിയില് നിന്നും സിധിയിലെ പമിരിയയിലേക്ക് വരികയായിരുന്നു വിവാഹം സംഘം. പോലീസും രക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് അര ലക്ഷം രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് അറിയിച്ചു.