ചെന്നൈ- ഒരു വിവാദം അവസാനിപ്പിക്കാന്‍ കഴിഞ്ഞ ദിവസം തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിത് വിളിച്ചു ചേര്‍ത്ത് വാര്‍ത്താ സമ്മേളനം മറ്റൊരു വിവാദത്തില്‍ കലാശിച്ചു. വിദ്യാര്‍ത്ഥികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ചതിന് അധ്യാപിക പിടിയിലായ സംഭവവുമായി ബന്ധപ്പെട്ട് തന്റെ പേര് കൂടി വലിച്ചിഴക്കപ്പെട്ടതു വിശദീകരിക്കാനാണ് ചൊവ്വാഴ്ച വൈകുന്നേരം ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തത്. മാധ്യമപ്രവര്‍ത്തകരെ കണ്ട ശേഷം എഴുന്നേല്‍ക്കുന്നതിനിടെ ചോദ്യം ഉന്നയിച്ച ദ് വീക്ക് വാരികയുടെ ലേഖിക ലക്ഷ്മി സുബ്രമണ്യന്റെ കവിളിലാണ് അവരുടെ സമ്മതമില്ലാതെ ഗവര്‍ണര്‍ തലോടുകയും ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയും ചെയ്തത്. രാജ്ഭവനിലായിരുന്നു സംഭവം.
മോശം പെരുമാറ്റത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തക ട്വീറ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്്. അപരിചിതയായ ഒരാളെ, പ്രത്യേകിച്ച് സ്ത്രീകളെ സമ്മതമില്ലാതെ സ്പര്‍ശിക്കുന്നത് അനാവശ്യമാണെന്നും അദ്ദേഹത്തിന്റെ പദവിക്ക് നിരക്കാത്ത പെരുമാറ്റമാണെന്നും ലക്ഷ്മി പറഞ്ഞു. തനിക്കെതിരായ ലൈംഗിക ദുഷ്‌പെരുമാറ്റം സംബന്ധിച്ച ആരോപണങ്ങളെല്ലാം നിഷേധിച്ചതിനു തൊട്ടു പിന്നാലെ ആയിരുന്നു അദ്ദേഹത്തിന്റെ ഈ പെരുമാറ്റമെന്നും അവര്‍ പറഞ്ഞു. മുഖം പലപ്രാവശ്യം കഴുകിയിട്ടും ഈ ദുരനുഭവം ഉണ്ടാക്കിയ അമര്‍ഷം അടക്കാന്‍ കഴിയുന്നില്ല. അത്രത്തോളം പ്രതിഷേധമുണ്ടെന്നും ലക്ഷ്മി മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.
തമിഴ്‌നാട്ടിലെ മുഖ്യപ്രതിപക്ഷമായ ഡിഎംകെയും ഗവര്‍ണറുടെ പെരുമാറ്റത്തിനെതിരെ രംഗത്തെത്തി. ഭരണഘടനാ പദവി വഹിക്കുന്ന ഒരാള്‍ക്ക് ചേര്‍ന്ന പെരുമാറ്റമല്ല ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിതില്‍ നിന്നുണ്ടായതെന്ന് ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം കെ സ്റ്റാലിന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകയുടെ വ്യക്തിപരമായ ഇടത്തിലേക്ക് സമ്മതമില്ലാതെ കയറിയ ഗവര്‍ണര്‍ തന്റെ പദവിയുടെ ഔന്നത്യം തിരിച്ചറിയണമെന്ന് ഡിഎംകെ എംപി കനിമൊഴി പ്രതികരിച്ചു.