Sorry, you need to enable JavaScript to visit this website.

മഹാഭാരത കാലത്തും ഇന്ത്യയില്‍ ഇന്റര്‍നെറ്റുണ്ടായിരുന്നെന്ന് ത്രിപുര മുഖ്യമന്ത്രി

അഗര്‍ത്തല- ഇന്റര്‍നെറ്റ് ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ടുപിടിച്ചതാണെന്നും ഈ സാങ്കേതിക വിദ്യയും സാറ്റലൈറ്റുകളും മഹാഭാരത കാലഘട്ടത്തില്‍ ഇന്ത്യയില്‍ നിലവിലുണ്ടായിരുന്നെന്നും ത്രിപുരയിലെ ബിജെപി സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി ബിപ്ലബ് ദേബ്. പൊതുവിതരണ സംവിധാനം സംബന്ധിച്ച് നടന്ന ഒരു ശില്‍പ്പശാലയില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ വിചിത്രവാദം. ഇന്റര്‍നെറ്റ് കണ്ടുപിടിച്ചത് അമേരിക്കയോ പടിഞ്ഞാറന്‍ രാജ്യങ്ങളോ അല്ല, ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യയാണ്-ബിപ്ലബ് ദേബ് പറഞ്ഞു.

പലരും ഈ വസ്തുത നിഷേധിച്ചേക്കാം. എന്നാല്‍ അക്കാലത്ത് ഇന്റര്‍നെറ്റ് ഉണ്ടായിരുന്നില്ലെങ്കില്‍ സഞജയന് കുരുക്ഷേത്ര യുദ്ധം എങ്ങനെ കാണാനും അത് ധൃതരാഷട്രര്‍ക്കു വിവരിച്ചു നല്‍കാനും കഴിഞ്ഞതെങ്ങനെ? ഇതിനര്‍ത്ഥം അക്കാലത്ത് ഇന്റര്‍നെറ്റും സാറ്റലൈറ്റ് സാങ്കേതിക വിദ്യയും ഉണ്ടായിരുന്നു എന്നാണ്- ദേബ് പറഞ്ഞതായി ത്രിപുര ഇന്‍ഫോവെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്രത്തോളം അത്യാധുനിക സാങ്കേതിക വിദ്യ ഉള്ള ഇന്ത്യയില്‍ ജനിച്ചതില്‍ അഭിമാനമുണ്ടെന്നും സാങ്കേതിക വിദ്യയില്‍ മുന്നിട്ടു നില്‍ക്കുന്നു എന്ന്് അവകാശപ്പെടുന്ന രാജ്യങ്ങള്‍ പോലും അവരുടെ സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നതിന് ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധരെയാണ് തേടിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മണിപൂര്‍, മിസോറാം, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ കൂടി ഉള്‍പ്പെട്ട പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ വിചിത്ര പ്രസ്താവന.
 

Latest News