ഹൈദരാബാദ്- മതനിരപേക്ഷ കക്ഷികളെ ഒരുമിച്ചു നിർത്തി ബി.ജെ.പിയെ തൂത്തെറിയണോ, കോൺഗ്രസുമായി ഒരു തരത്തിലുമുള്ള ധാരണയുമില്ലാതെ പരാജയപ്പെടുത്തണോ എന്നുള്ള ചർച്ചകളിൽ വട്ടംതിരിഞ്ഞ് സി.പി.എമ്മിന്റെ ജനറൽ സെക്രട്ടറി സ്ഥാനം. കോൺഗ്രസുമായി ഒരു ധാരണയും വേണ്ടെന്ന് കേരള ഘടകത്തിന്റെ പിന്തുണയുള്ള വാദമാണ് പാർട്ടി കോൺഗ്രസിൽ അംഗീകരിക്കപ്പെടുന്നത് എങ്കിൽ പ്രകാശ് കാരാട്ട് പക്ഷത്തു നിന്നാകും പുതിയ ജനറൽ സെക്രട്ടറി. എന്നാൽ, മതേതര കക്ഷികളുമായി ധാരണയിൽ ബി.ജെ.പിയെ പൊതുശത്രുവായി കണ്ട് എതിരിടാനാണു തീരുമാനം എങ്കിൽ സീതാറാം യെച്ചൂരി തന്നെ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തു തുടരും. മതേതര കക്ഷികൾ ശക്തിപ്പെടണം എന്ന നിലപാടിൽ തന്നെ ഉറച്ചു നിന്നുകൊണ്ടാണ് സീതാറാം യെച്ചൂരി പാർട്ടി കോൺഗ്രസിനെ അഭിമുഖീകരിക്കുന്നത്.
ത്രിപുരയിലെ കനത്ത പരാജയത്തിന് പിന്നാലെ സംസ്ഥാനത്തു സി.പി.എം പ്രവർത്തകർ വ്യാപകമായി അക്രമങ്ങൾ നേരിടുന്ന വേളയിൽ മണിക് സർക്കാരിനെ പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് ഉയർത്തിപ്പിടിച്ചാൽ തെറ്റായ സന്ദേശം പടരാൻ ഇടയാക്കുമെന്ന് പോളിറ്റ് ബ്യൂറോ അംഗം കൂടിയായ ഒരു മുതിർന്ന നേതാവ് പറഞ്ഞു. തെരഞ്ഞെടുപ്പു പരാജയത്തിന് ശേഷം ത്രിപുരയിൽ പാർട്ടി അണികൾ സംഘപരിവാർ അക്രമങ്ങളിൽ പൊറുതിമുട്ടുമ്പോൾ മണിക് സർക്കാർ ദൽഹിയിലേക്ക് ചേക്കേറി എന്ന തരത്തിൽ വിലയിരുത്തൽ ഉണ്ടാകുമെന്ന ആശങ്കയാണ് അദ്ദേഹം പങ്കുവെച്ചത്.
അതേസമയം ബി.ജെ.പിയെ പരാജയപ്പെടുത്താൻ മതേതര കക്ഷികളുമായി സഖ്യം വേണമെന്നാണ് കേരളത്തിൽനിന്നുള്ള മുതിർന്ന പാർട്ടി നേതാവ് വി.എസ് അച്യുതാനന്ദൻ ഇന്നലെ പറഞ്ഞത്. വർഗീയ ശക്തികളെ ചെറുത്തു തോൽപിക്കാൻ ഇത്തരം സഖ്യങ്ങൾ അനിവാര്യമാണ്. കോൺഗ്രസുമായി ഒരു തരത്തിലുള്ള സഖ്യമോ ധാരണയോ വേണ്ടെന്നു രാഷ്ട്രീയ പ്രമേയം ചർച്ച ചെയ്യാനിരിക്കേയാണ് ഈ വിഷയത്തിൽ വി.എസ് ഇങ്ങനെ പ്രതികരിച്ചത്. എന്നാൽ, പാർട്ടി കോൺഗ്രസ് ഒരു തരത്തിലും കോൺഗ്രസുമായുള്ള സഖ്യത്തിന് അംഗീകാരം നൽകില്ലെന്നു പറഞ്ഞ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വി.എസിന്റെ അഭിപ്രായത്തെ തള്ളി. വർഗീയതയെ തോൽപിക്കാൻ മതേതര കക്ഷികളുമായി സഖ്യം അനിവാര്യമാണെന്നു വ്യക്തമാക്കിയതിലൂടെ താൻ യെച്ചൂരിക്ക് ഒപ്പമാണെന്ന ശക്തമായ സന്ദേശമാണു വി.എസ് നൽകിയത്.
കരട് രാഷ്ട്രീയ പ്രമേയത്തെച്ചൊല്ലിയും അടവുനയത്തെച്ചൊല്ലിയും പാർട്ടിക്കുള്ളിൽ ഉണ്ടായ അഭിപ്രായ ഭിന്നതകൾ പരസ്യമായി എന്നതിൽ സീതാറാം യെച്ചൂരി തന്നെ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ബി.ജെ.പി ഫാസിസ്റ്റാണോ എന്ന ചോദ്യത്തിന് ബി.ജെ.പി ഭരണം നടത്തുമ്പോൾ അവരുടെ മേൽ നിയന്ത്രണമുള്ള ആർ.എസ്.എസ് ഫാസിസ്റ്റ് ആണെന്നാണ് യെച്ചൂരി നൽകുന്ന വിശദീകരണം. എന്തു തന്നെയായാലും പാർട്ടി എടുക്കുന്ന ഭൂരിപക്ഷ തീരുമാനത്തെ അംഗീകരിക്കുമെന്നും ആ തീരുമാനങ്ങൾ അതേപടി നടപ്പാക്കുന്നതാണു ദൗത്യമെന്നും യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്.
കോൺഗ്രസുമായി ധാരണ വേണ്ടെന്ന വിശാഖപട്ടണം പാർട്ടി കോൺഗ്രസ് തീരുമാനം പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പു കാലത്തു ലംഘിക്കപ്പെട്ടുവെന്നാണ് യെച്ചൂരി പറഞ്ഞത്. തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുമ്പോൾ സഖ്യമില്ലായിരുന്നു. എന്നാൽ, പ്രചാരണം പുരോഗമിച്ചപ്പോൾ പ്രത്യക്ഷത്തിൽ തന്നെ സഖ്യമെന്നു വ്യക്തമാകുന്ന തരത്തിലായിരുന്നുവെന്നും ഇതു തെറ്റാണെന്നു പാർട്ടി കേന്ദ്ര കമ്മിറ്റി തന്നെ ചൂണ്ടിക്കാട്ടിയിരുന്നെന്നുമാണ് യെച്ചൂരി വിശദീകരിക്കുന്നത്. ഈ നിർദേശം മുന്നോട്ടു വെക്കുകയും നടപ്പാക്കുകയും ചെയ്തത് ബംഗാൾ ഘടകമായിരുന്നെന്നും അതിൽ തനിക്കു നേരിട്ടൊരു പങ്കുമില്ലെന്നും യെച്ചൂരി പറയുന്നു. കോൺഗ്രസുമായി സഖ്യമോ ധാരണയോ ഇല്ലാതെ തന്നെ പരമാവധി ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഏകോപിപ്പിക്കുകയാണു ലക്ഷ്യം. പാർട്ടിയുടെ അടവു നയം തെരഞ്ഞെടുപ്പു സമയത്തു തീരുമാനിക്കുമെന്നും യെച്ചൂരി പാർട്ടി കോൺഗ്രസിനു മുൻപ് നൽകിയ അഭിമുഖങ്ങളിലും വ്യക്തമാക്കുന്നു.