ന്യൂദല്‍ഹി- ഇന്ത്യയിലെ 85 ശതമാനം കുട്ടികളും സൈബര്‍ ബുള്ളീയിങിന് ഇരയാകുന്നുണ്ടെന്ന് സര്‍വേ. മക്അഫീ സര്‍വേ അനുസരിച്ച് ഇന്ത്യയില്‍ 42 ശതമാനം കുട്ടികള്‍ വംശീയ സൈബര്‍ അധിക്ഷേപത്തിന് ഇരയാകുന്നുണ്ട്. എന്നാല്‍ ആഗോള തലത്തില്‍ ഇത് 28 ശതമാനമാണ്.
ട്രോള്‍ രൂപത്തിലാണ് വംശീയ സൈബര്‍ അധിക്ഷേപം കൂടുതലായും നടക്കുന്നത്, ഇത് 36 ശതമാനമാണ്. എന്നാല്‍ വ്യക്തിപരമായ ആക്രമണങ്ങള്‍ 29 ശതമാനമാണ്. ലൈംഗിക അതിക്രമം 30 ശതമാനവും അപായപ്പെടുത്തുമെന്ന ഭീഷണി 28 ശതമാനം കുട്ടികളുമാണ് നേരിടേണ്ടിവരുന്നത്. അനുവാദമില്ലാതെ വ്യക്തിപരമായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് 23 ശതമാനവുമാണ്. ഇവയിലെല്ലാംതന്നെ ആഗോള ശരാശരിയേക്കാള്‍ കൂടുതലുമാണ്.
ഇന്ത്യയിലാണ് പെണ്‍കുട്ടികള്‍ക്കെതിരെ ഏറ്റവും അധികം ലൈംഗിക അതിക്രമം നടക്കുന്നതെന്ന് സര്‍വേ വ്യക്തമാക്കുന്നു. 10 മുതല്‍ 14 വരെയുള്ള കുട്ടികളില്‍ 32 ശതമാനവും 15 മുതല്‍ 16 വയസ് വരെയുള്ള കുട്ടികളില്‍ 34 ശതമാനവും ലൈംഗിക അതിക്രമത്തിന് ഇരയാകുന്നുണ്ട്.
അന്താരാഷ്ട്ര തലത്തില്‍ വ്യക്തിപരമായി അപായപ്പെടുത്തുമെന്ന ഭീഷണി നേരിടേണ്ടിവരുന്നതും ഇന്ത്യയിലെ പെണ്‍കുട്ടികള്‍ക്കാണ്. 10 മുതല്‍ 14 വയസ് പ്രായമുള്ള പെണ്‍കുട്ടികളില്‍ 32 ശതമാനവും 15 മുതല്‍ 16 വയസ് പ്രായമുള്ള 34 ശതമാനം പെണ്‍കുട്ടികളും ഭീഷണി നേരിടുന്നുണ്ട്. എന്നാല്‍ 17 മുതല്‍ 18 വയസ് പ്രായമുള്ള പെണ്‍കുട്ടികളിലേക്ക് എത്തുമ്പോള്‍ ഇത് 21 ശതമാനമായി കുറയുന്നുണ്ട്.
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ്, സ്‌നാപ്പ്ചാറ്റ് അടക്കമുള്ള 14 സര്‍വേ പ്ലാറ്റ്‌ഫോമുകളിലായി നടത്തിയ സര്‍വേയില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ കുട്ടികള്‍ 1.5 മടങ്ങ് അധികം സൈബര്‍ബുള്ളീയിങ്ങിന് ഇരയാകുന്നുണ്ട്. കുട്ടികള്‍ക്കെതിരെ ദുഷ്പ്രചാരണങ്ങള്‍ നടത്തുന്നതിലും ഇന്ത്യ മുന്നിലാണ്, 39 ശതമാനം.
ഇന്ത്യയിലെ 45 ശതമാനം കുട്ടികളും സൈബര്‍ബുള്ളീയിങ്ങിന് ഇരയാകുന്ന കാര്യം മാതാപിതാക്കളില്‍ നിന്നും മറച്ചുവെയ്ക്കുന്നുണ്ടെന്ന് സമ്മതിച്ചു. ഇത് കുട്ടികളുമായി തുറന്നു സംസാരിക്കുന്നതിന്റെ അഭാവം മൂലമാകാമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
'പത്ത് വയസ് പൂര്‍ത്തിയാകുന്നതിനു മുമ്പുതന്നെ ഇന്ത്യയിലെ മൂന്നിലൊന്ന് കുട്ടികളും സൈബര്‍ബുള്ളീയിങ്ങിനും ലൈംഗിക പീഡനത്തിനും അപായപ്പെടുത്തുമെന്ന ഭീഷണിക്കും ഇരയാകുന്നുണ്ട്. ലോകത്ത് ഏറ്റവും അധികം സൈബര്‍ബുള്ളീയിങ് നടക്കുന്ന രാജ്യമായി ഇന്ത്യ മാറി.' മക്ക്അഫീ ചീഫ് പ്രൊഡക്റ്റ് ഓഫീസര്‍ ഗഗന്‍ സിംഗ് പ്രസ്താവനയില്‍ പറഞ്ഞു.
ജൂണ്‍ 15നും ജൂലൈ 5നും ഇടയില്‍ പത്ത് രാജ്യങ്ങളില്‍ നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. ഇന്ത്യയില്‍ നിന്നും 11,687 കുട്ടികളും മാതാപിതാക്കളുമാണ് ഇമെയില്‍ വഴിയുള്ള സര്‍വേയില്‍ പങ്കെടുത്തത്. ഇന്ത്യ, യുകെ, യുഎസ്, ഫ്രാന്‍സ്, ജര്‍മനി, ഓസ്‌ട്രേലിയ, കാനഡ, ജപ്പാന്‍, ബ്രസീല്‍, മെക്‌സിക്കോ രാജ്യങ്ങളിലാണ് സര്‍വേ നടത്തിയത്.