മോഷ്ടിച്ച ഫോണുകള്‍ സെറ്റിംഗ്‌സ് മാറ്റി വില്‍ക്കുന്ന അന്തര്‍സംസ്ഥാന സംഘം പിടിയില്‍

ന്യൂദല്‍ഹി- ഫോണുകള്‍ മോഷ്ടിച്ച് ഐ.എം.ഇ.ഐ നമ്പറുകള്‍ മാറ്റി വില്‍പന നടത്തുന്ന അന്തര്‍ സംസ്ഥാന സംഘം പിടിയില്‍. രണ്ടു പേരെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് വിവിധ സംസ്ഥാനങ്ങളിലായി സംഘം നടത്തുന്ന മോഷണരീതിയും വില്‍പന രീതിയും പുറത്തുവന്നത്.
66 ഫോണുകളും ഐ.എം.ഇ.ഐ നമ്പറും സെറ്റിംഗ്‌സും മാറ്റുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ് വെയര്‍ അടങ്ങുന്ന ലാപ്‌ടോപും പോലീസ് പിടിച്ചെടുത്തു. ഡെറാഡൂണ്‍ ആസ്ഥാനമായുള്ള ഒരു എന്‍ജിനീയറാണ് മുഖ്യപ്രതിയെന്നും ഇയാള്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. കുറഞ്ഞത് മൂന്നു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സംഘം വിവിധ സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള ഫോണുകള്‍ വില്‍ക്കാറുണ്ട്. സംഘത്തലവനെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊര്‍ജിതമാക്കി.
അതിനിടെ, ദേശീയ തലസ്ഥാനത്ത് കവര്‍ച്ചക്കേസുകള്‍ വര്‍ധിച്ചതോടെ മോഷ്ടിക്കപ്പെടുന്ന ഫോണുകളുടെ ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്യുപ്‌മെന്റ് ഐഡന്റിറ്റി (ഐ.എം.ഇ.ഐ) ഉപയോഗിച്ച് ബ്ലോക്ക് ചെയ്യുന്നതിന് ദല്‍ഹി പോലീസ് പ്രത്യേക സംഘത്തിനു രൂപം നല്‍കി. ഇന്റര്‍നെറ്റ് സേവനദാതാക്കളുമായിും ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പുമായും സഹകരിച്ചാണ് സംഘം പ്രവര്‍ത്തിക്കുക. മോഷണം പോയ എല്ലാ ഫോണുകളുടേയും ഡേറ്റ രജിസ്റ്റര്‍ ചെയ്ത ശേഷം ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ് വര്‍ക്ക് സിസ്റ്റത്തില്‍  അപ് ലോഡ് ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Latest News