ന്യൂദല്‍ഹി- ഒന്നര വര്‍ഷം മുമ്പത്തെ നോട്ടു നിരോധന കാലത്തെ ദുരിതം അനുസ്മരിപ്പിച്ച് രാജ്യത്ത് പല സംസ്ഥാനങ്ങളിലും അപ്രതീക്ഷികമായി നോട്ടു ക്ഷാമം രൂക്ഷമായി. മിക്ക നഗരങ്ങളിലും എടിഎമ്മുകള്‍ കാലിയാണെന്ന പരാതി വ്യാപകമാണ്. കര്‍ണാടക, മഹാരാഷട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, മധ്യ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് രൂക്ഷമായ നോട്ടു ക്ഷാമം. ദല്‍ഹിയിലും പലയിടത്തും എടിഎമ്മുകള്‍ കാലിയെന്ന പരാതികളുണ്ട്. ഹൈദരാബാദ്, വാരാണസി തുടങ്ങിയ നഗരങ്ങളില്‍ ദിവസങ്ങളായി എടിഎമ്മുകള്‍ പലതും കാലിയാണ്. ചിലയിടങ്ങളില്‍ രണ്ടാഴ്ചയോളമായി ക്ഷാമം നിലനില്‍ക്കുന്നുണ്ട്.
ഇതു പരിഹരിക്കാന്‍ റിസര്‍വ് ബാങ്ക് പ്രത്യേക സമിതി രൂപീകരിച്ചു. കറന്‍സി ശേഖരം കുറവുള്ള സംസ്ഥാനങ്ങളിലാണ് ക്ഷാമം രൂക്ഷമായതെന്ന് ധനകാര്യ സഹമന്ത്രി എസ് പി ശുക്ല പറഞ്ഞു. അധിക കറന്‍സി ശേഖരം ആവശ്യമുള്ള സംസ്ഥാനങ്ങള്‍ക്ക് കൈമാറുന്നതിന് സമിതി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസത്തിനകം പ്രശ്‌നം പരിഹരിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
അതിനിടെ ഈ സാഹചര്യം വിലയിരുത്താന്‍ ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്. നോട്ട് ക്ഷാമമുള്ള ബാങ്കുകള്‍ക്ക് കറന്‍സി നല്‍കി സഹായിക്കാന്‍ മറ്റു ബാങ്കുകളോട് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്. നോട്ടു വിതരണത്തിലെ അപാകതകളാണ് ക്ഷാമമുണ്ടാക്കിയതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. എടിഎം ഇടപാടുകള്‍ വര്‍ധിച്ചതും ഇതിനു കാരണമായി.
നോട്ടു നിരോധനത്തിനു ശേഷം വീണ്ടും ഉണ്ടായ നോട്ട് ക്ഷാമത്തില്‍ ബിജെപി സര്‍ക്കാരുകളെ പഴിചാരി വിവിധ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തി. 2016-ല്‍ നോട്ടു ക്ഷാമമുണ്ടായപ്പോഴും ഇപ്പോള്‍ നോട്ട് ക്ഷാമമുണ്ടായപ്പോഴും നോട്ടിന് ഒരു ക്ഷാമവുമില്ലാത്ത ഏക പാര്‍ട്ടി ബിജെപിയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി പരിഹസിച്ചു. ജനങ്ങളാണ് അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ 2000 രൂപയുടെ നോട്ടുകളുടെ ക്ഷാമത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും രംഗത്തെത്തി.