കോഴിക്കോട്- എം.എസ്.എഫ് ക്യാമ്പില്‍ എസ്.ഡി.പി.ഐക്കും ഫ്രറ്റേണിറ്റിക്കുമെതിരായ പരാമര്‍ശങ്ങളില്‍ മാപ്പുചോദിച്ച് തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. തന്റെ പരാമര്‍ശങ്ങളില്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പ്രതിഷേധവും ദുഃഖവും അറിയിച്ചുവെന്നും ഷാരിസ് പറഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് തിരക്കഥാകൃത്തിന്റെ ഖേദപ്രകടനം.
വേര് എന്ന എം.എസ്.എഫ് സംഘടിപ്പിച്ച സമ്മേളനത്തില്‍ 'കല, സര്‍ഗം, സംസ്‌കാരം' എന്ന ചര്‍ച്ചയിലെ എന്റെ വാക്കുകളില്‍ ചില സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പ്രതിഷേധവും ദുഃഖവും രേഖപ്പെടുത്തുകയുണ്ടായി. പ്രത്യേകിച്ച് ഫിലിം ക്ലബ്ബുമായി ബന്ധപ്പെട്ട പരാമര്‍ശം. എന്റെ വാക്കുകള്‍ ഏതെങ്കിലും വ്യക്തികളെയോ രാഷ്ട്രീയ സംഘടനകളെയോ മതത്തെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ആ പരാമര്‍ശത്തില്‍ ഞാന്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നു. എന്റെ രാഷ്ട്രീയവും എന്റെ മതവും എന്റെ നിലപാടുകളും തികച്ചും വ്യക്തിപരമാണ്. അതില്‍ തുടരും', ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ ഷാരിസ് വ്യക്തമാക്കി.