നിര്‍ണായക തെളിവായി പൊട്ടാത്ത ബോംബിനൊപ്പം ലഭിച്ച ചുവന്ന കുപ്പായം അപ്രത്യക്ഷമായി
ഹൈദരാബാദ്- തെളിവുകളില്ലെന്ന കാരണത്താല്‍ മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ മുഴുവന്‍ പ്രതികളേയും കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടെങ്കിലും നിര്‍ണായമായ ഒരു തെളിവിനെ ചുറ്റിപ്പറ്റി ദുരുഹത. കേസ് ഏറ്റവുമൊടുവില്‍ അന്വേഷിച്ച എന്‍ഐഎക്ക് ഒരു തെളിവും ഹാജരാക്കാനായില്ലെന്നാണ് വിധി പറഞ്ഞ പ്രത്യേക എന്‍ഐഎ കോടതി വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കേസില്‍ നിര്‍ണായക തെളിവുകളിലൊന്നായി കരുത്തപ്പെട്ടിരുന്ന, സ്‌ഫോടന സ്ഥലത്തു നിന്നും പോലീസ് കണ്ടെടുത്ത പൊട്ടാത്ത ഒരു ബോംബിനൊപ്പമുണ്ടായിരുന്ന ചുവപ്പ് കുപ്പായം കേസിലെ തെളിവായി എന്‍ഐഎക്കു ലഭിച്ചില്ല. ഇത് ആരുടേതാണ്, എവിടെ നിന്നു വന്നു എന്നതു സംബന്ധിച്ച് ഒരന്വേഷണവും നടന്നില്ല. ഈ ബോംബിനൊപ്പം കണ്ടെത്തിയ ചാവി സംബന്ധിച്ചും ദുരൂഹതകള്‍ ബാക്കിയാണ്.
2007 മേയ് 18-നാണ് മക്കാ മസ്ജിദില്‍ സ്‌ഫോടനമുണ്ടായത്. രണ്ടു ബാഗുകളില്‍ ബോംബുകള്‍ ഒളിപ്പിച്ചാണ് പള്ളിക്കകത്തു പ്രതികള്‍ വച്ചിരുന്നത്. എന്നാല്‍ ഒന്നു മാത്രമെ പൊട്ടിത്തെറിച്ചുള്ളൂ. പൊട്ടാത്ത ബോംബ് ഒളിപ്പിച്ച ബാഗില്‍ നിന്നാണ് ബേംബ് പൊതിഞ്ഞിരുന്ന ചുവപ്പ് കുപ്പായം പോലീസിന് ലഭിച്ചത്. അന്വേഷണത്തിനിടെ എവിടെ വച്ചാണ് ഈ തെളിവ് അപ്രത്യക്ഷമായതെന്ന് വ്യക്തമല്ല. ആദ്യം പോലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐക്കു വിട്ടിരുന്നു. നാലു വര്‍ഷങ്ങള്‍ക്കു ശേഷം 2010-ലാണ് സിബിഐയില്‍ നിന്നും എന്‍ഐഎ അന്വേഷണം ഏറ്റെടുത്തത്. ഈ കൈമാറ്റത്തിനിടെയാണ് കേസിലെ തെളിവായ ചുവന്ന ഷര്‍ട്ട് അപ്രത്യക്ഷമായത്. ഇതു സംബന്ധിച്ച് എന്‍ ഐഎ അന്വേഷിച്ചില്ലെന്നാണ് കേസിലെ വിധി നല്‍കുന്ന സൂചന.
കേസ് സബിഐയില്‍ നിന്നും എന്‍ഐഎക്കു കൈമാറിയപ്പോള്‍ എല്ലാ തെളിവുകളും കേസ് രേഖകളും എന്‍ഐഎക്ക് ലഭിച്ചെങ്കിലും ഈ ചുവന്ന കുപ്പായം മാത്രം ലഭിച്ചില്ലെന്ന് എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നു. പൊട്ടാത്ത ബോംബിനൊപ്പം ഈ കുപ്പായത്തിനു പുറമെ ഒരു ചാവിയും കണ്ടെടുത്തിരുന്നു. ഇത് ബോംബ് പൊട്ടിക്കാന്‍ ഉപയോഗിച്ചതാകാമെന്നായിരുന്നു നിഗമനമെങ്കിലും അല്ലെന്ന് പിന്നീട് വ്യക്തമായി. ഈ ചാവി ആരുടേതാണ് എങ്ങിനെ ബാഗിലെത്തി എന്നതു സംബന്ധിച്ച നിഗൂഢതയും നിലനില്‍ക്കുകയാണെന്നും ഒരു എന്‍ഐഎ ഓഫീസര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മക്കാ മസ്ജിദ് സ്‌ഫോടനക്കേസിലെ കാണാതായ തെളിവായി ആ ചുവന്ന കുപ്പായം ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം പറയുന്നു. 2013-ല്‍ ബോധ് ഗയയിലുണ്ടായ സ്‌ഫോടനക്കേസിലെ പ്രതി ഉപേക്ഷിച്ച ബാഗില്‍ നിന്ന് ഒരു സന്യാസിയുടെ വസ്ത്രം ലഭിച്ചിരുന്നു. ഈ വസ്ത്രത്തില്‍ പുരണ്ട രക്തക്കറ ഡിഎന്‍എ പരിശോധനയില്‍ പ്രതിയുടേത് തന്നെയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇതു പോലെ വളരെ നിര്‍ണായകമായ തെളിവാണ് മക്കാ മസ്ജിദ് സ്‌ഫോടനക്കേസിലെ കാണാതായ തെളിവുകളില്‍പ്പെട്ട ആ കുപ്പായമെന്നും എന്‍ഐഎ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.