വാരാണസി-ഉത്തര്‍പ്രദേശിലെ ശൃംഗാര്‍ ഗൗരി-ജ്ഞാന്‍വാപി കേസില്‍ ഈ മാസം 18ന് വാരാണസി ജില്ലാ കോടതി വാദം കേള്‍ക്കും. അഭിഭാഷകന്‍ അഭയ് നാഥ് യാദവ് മരിച്ചതിനാല്‍ കുറഞ്ഞത് 15 ദിവസം അനുവദിക്കണമെന്ന് ജ്ഞാന്‍വാപി മസ്ജിദ് പരിപാലിക്കുന്ന അഞ്ജുമന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി കോടതിയില്‍ ഹരജി നല്‍കിയിരുന്നു. കേസ് ഫയലുകള്‍ അന്തരിച്ച അഭിഭാഷകന്റെ പൂട്ടിയ ചേംബറിലാണെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്.
ഹിന്ദു വനിതകള്‍ നല്‍കിയ ഹരജി നിലനില്‍ക്കുന്നതല്ലെന്ന് കാണിച്ച് നല്‍കിയ ഹരജിയില്‍ വാരാണസി കോടതിയുടെ തീരുമാനം വരുന്നതുവരെ കമ്മിറ്റി സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീല്‍ കഴിഞ്ഞ മാസം നീട്ടിവെച്ചിരുന്നു.
ജ്ഞാന്‍വാപി മസ്ജിദില്‍ കണ്ടെത്തിയെന്നു പറയുന്ന ശിവലിംഗത്തില്‍ ജലാഭിഷേകം നടത്താന്‍ അനുവദിക്കണമെന്ന പുതിയ ഹരജി ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്്, പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് തള്ളുകയും ചെയ്തിരുന്നു. ഹരജികള്‍ പരിഗണനയിലിരിക്കെ പൂതിയ ആവശ്യങ്ങള്‍ പരിഗണിക്കാനാകില്ലെന്നാണ് ബെഞ്ച് വ്യക്തമാക്കിയത്. ശ്രാവണ മാസം ആരംഭിക്കുന്നതിനാല്‍ ഹിന്ദുക്കളെ പൂജ നടത്താന്‍ അനുവദിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ജ്ഞാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന് സ്ഥലത്ത് റഡാര്‍ ഉപയോഗിച്ച് ഭൂമിസര്‍വേ നടത്തണമെന്ന് ആവശ്യവും സുപ്രീം കോടതി നിരാകരിച്ചിരുന്നു.
ജ്ഞാന്‍വാപി മസ്ജിദിലെ പ്രാര്‍ഥന സംബന്ധിച്ച ഹരജി മേയ് 20ന് സുപ്രീം കോടതി നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് സിവില്‍ ജഡ്ജിയില്‍നിന്ന് വാരാണസി ജില്ലാ ജഡ്ജിയിലെത്തിയത്. ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന സ്ഥലം മുസ്ലിംകളുടെ നമസ്‌കാരത്തിന് തസ്സമാകാത്ത വിധം സംരക്ഷിക്കണമെന്ന് മേയ് 17ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.