മുംബൈ- ജനലുകളോ വായുസഞ്ചാരമോ ഇല്ലാത്ത മുറിയിലാണ് തന്നെ പാര്‍പ്പിച്ചതെന്ന് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത ശിവസേന നേതാവ് സഞ്ജയ് റാവത്ത് കോടതിയില്‍ വെളിപ്പെടുത്തി. കേന്ദ്ര ഏജന്‍സിക്കെതിരെ പ്രത്യേക കോടതിയിലാണ് സഞ്ജയ് റാവത്ത് ഇക്കാര്യം പറഞ്ഞത്.
പ്രത്യേക കോടതി ജഡ്ജി എം.ജി. ദേശ്പാണ്ഡെ മുമ്പാകെ ഹാജരാക്കിയ ശിവസേന നേതാവിന്റെ ഇ.ഡി കസ്റ്റഡി ഈ മാസം എട്ടുവരെ നീട്ടി. പത്ര ചൗള്‍ പുനര്‍വികസന പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളില്‍ കഴിഞ്ഞ ഞായറാഴ്ച അര്‍ധരാത്രിക്കുശേഷമാണ് ശിവസേന എം.പിയായ സഞ്ജയ് റാവത്തിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ റാവത്തിനെ ഓഗസ്റ്റ് നാലവ് വരെ ഇ.ഡി കസ്റ്റഡിയില്‍ വിടുകയായിരുന്നു. റിമാന്റ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഇന്ന് കോടതിയില്‍ ഹാജരാക്കിയത്.
എന്തെങ്കിലും പറയാനുണ്ടോ എന്ന് ജഡ്ജി ആരാഞ്ഞപ്പോഴാണ് പ്രത്യേകിച്ച് ഒന്നുമില്ലെന്ന് പറഞ്ഞ അദ്ദേഹം തന്നെ പാര്‍പ്പിച്ച മുറിയില്‍ ജനലോ വായുസഞ്ചാരമോ ഇല്ലെന്ന് വെളിപ്പെടുത്തിയത്. ഇക്കാര്യത്തില്‍ അന്വേഷണ ഏജന്‍സിയില്‍നിന്ന് കോടതി വിശദീകരണം തേടി.